
സഹോദരി മോണലിന്റെ ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈകരിക കുറിപ്പ് പങ്കുവെച്ച് തെന്നിന്ത്യന്‍ താരം സിമ്രാന്‍. മോണല്‍ വിടവാങ്ങിയിട്ട് ഇന്ന് 24 വര്‍ഷം തികയുകയാണ്. മോണലിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല എന്നാണ് സിമ്രാന്‍ കുറിച്ചത്.
‘നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. നിന്നെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ഐ മിസ് യു’ എന്നാണ് സഹോദരിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് സിമ്രാന്‍ കുറിച്ചത്.
കാലം കടന്നുപോകുന്നുണ്ടാകാം പക്ഷേ നമ്മള്‍ പങ്കിട്ട ആ സ്‌നേഹവും ഓര്‍മകളും ദിവസവും എന്നോടെപ്പമുണ്ട്. ഇന്നും എന്നും നിന്നെ ഓര്‍ക്കുന്നുവെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട അനിയത്തിയുടെ മരണം തനിക്ക് നല്‍കിയ ആഘാതം മാറിയിട്ടില്ലെന്ന് സിമ്രാന്‍ മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'മോനു' എന്നാണ് കുടുംബാംഗങ്ങള്‍ മോണലിനെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.
21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്. ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഡലിങ്ങില്‍ നിന്നാണ് മോണല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2000-ല്‍ പുറത്തിറങ്ങിയ 'ഇന്ദ്രധനുഷ്' എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു തുടക്കം. വിജയ് നായകനായി എത്തിയ ബദ്രിയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.






