
വില കൂടുതലാണെങ്കില്‍ ഏതൊരു ഉത്പന്നവും മികച്ചതായിരിക്കുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടാകാറുണ്ട്. വില പോലെ തന്നെ ബ്രാന്‍ഡിനും മുന്‍തൂക്കം നല്‍കിയാണ് ചിലര്‍ സാധനങ്ങള്‍ വാങ്ങാറുള്ളത്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയിലുള്ള വിശ്വാസമാണ് ബ്രാന്‍ഡ് നോക്കി സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. കൂടുതല്‍ നാള് ഉപയോഗിക്കാമെന്നുള്ളതും ഇതിനു പിന്നിലുള്ള മറ്റൊരു കാരണമാണ്.
ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായി ബ്രാന്‍ഡ് നോക്കി ഉത്പന്നം വാങ്ങിയതിന്റെ പേരിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് രാകേശ് ദയാനിയെന്ന യുവാവ്. 14000 രൂപ മുടക്കി വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ഷൂ പത്ത് മാസത്തിനുള്ളില്‍ പൊടിഞ്ഞുപോയെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ബിർക്കൻസ്റ്റോക്ക് ബ്രാൻഡിന്റെ ഷൂവാണ് താന്‍ വാങ്ങിയതെന്നും ഡല്‍ഹിയിലെ ഡിഎല്‍എഫ് പ്രൊമെനേഡിലുള്ള ബ്രാൻഡിന്റെ ഔട്ട്ലെറ്റില് നിന്നാണ് താൻ ഷൂ വാങ്ങിയതെന്നും രാകേശ് പറയുന്നു.
‘‘14000 രൂപ വിലവരുന്ന ഷൂസ് 1000 രൂപ വിലക്കിഴിവിലാണ് വാങ്ങിയത്. ആറ് മാസം കഴിഞ്ഞയുടൻ ഷൂസിന്റെ തുന്നല്‍ പൊട്ടാൻ തുടങ്ങിയതോടെ ഔട്ട്ലെറ്റിലെത്തി പരാതിപ്പെട്ടു. എന്നാല്‍, ഷൂസിന് മൂന്ന് മാസത്തെ വാറന്റി മാത്രമാണുള്ളതെന്നാണ് കിട്ടിയ മറുപടി. പിന്നീട് ഒരു ചെരുപ്പുകുത്തിയാണ് ഷൂ തുന്നിക്കെട്ടി നല്‍കിയത്. വീണ്ടും മാസങ്ങള്‍ക്കകം ഷൂ പൊടിയാൻ തുടങ്ങുകയായിരുന്നു...’’ രാകേശ് വീഡിയോയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് തന്റെ അനുഭവം തുറന്നുപറഞ്ഞത്.
തങ്ങളുടെ ഉല്‍പ്പന്നത്തിന് സംഭവിച്ച പോരായ്മയില്‍ ക്ഷമ ചോദിക്കുന്നതായും വിഷയം വിശദമായി പരിശോധിക്കുമെന്നും കമ്പനി വീഡിയോയ്ക്ക് താഴെ കുറിച്ചു. എന്നാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.






