
' ബീഫ്' വിവാദത്തില്‍ തനിക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. എന്റെ നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ട് പോകില്ല എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു ഷിയാസിന്റെ പ്രതികരണം.
ഒരു പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയില്‍ അനുമോള്‍ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ' ഡയറ്റിലാണോ അതോ ബിജെപിയില്‍ ചേര്‍ന്നോ' എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ഷിയാസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങനെ ചോദിച്ചത് കൂട്ടുകാര്‍ക്കിടയിലെ ഒരു തമാശയാണെന്നും നിങ്ങളില്‍ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നും ഷിയാസ് പറയുന്നു.
"ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇവിടുത്തെ ബിജെപിക്കാർ ആണ്. അനുമോളോട് ഞാൻ ബീഫ് കഴിക്കാൻ പറഞ്ഞു. ഞാൻ അത് മനഃപൂർവ്വം ചോദിച്ചതാണ്, നീ ബിജെപിയിൽ ചേർന്നോ എന്ന്. ഈ സംസാരം ഉണ്ടാകാൻ കാരണം ഇവിടെയുള്ള ബിജെപിക്കാർ ആണ്. പെരുമ്പാവൂരിൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചോദിക്കുന്ന കാര്യമാണിത്. അത് നിങ്ങളും ചോദിക്കാറില്ലേ, ഒന്ന് ആലോചിച്ച് നോക്കൂ.
അതൊരു ഫൺ ആണ്. പിന്നെ പോർക്ക് ഇറച്ചി. ഞങ്ങൾ പഠിച്ചതിൽ അത് കഴിക്കരുതെന്ന് ഉള്ളതുകൊണ്ടാണ് കഴിക്കാത്തത്. അല്ലെങ്കിൽ എന്നെ തിരിച്ചുകടിക്കാത്ത എന്തിനേയും തിന്നുന്ന ആളാണ് ഞാൻ. പിന്നെ കേസ്, അത് കോടതിയിൽ റദ്ദാക്കി കഴിഞ്ഞു.
പെൺകുട്ടികൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം കേസുകൾ തുടർന്നു കൊണ്ടേയിരിക്കും. എന്റെ നിലപാടിൽ ഒരടിപോലും അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. ഇനി ജയിലിൽ പോകേണ്ടി വന്നാലും ഒരു പ്രശ്‌നവുമില്ല. ജയിൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്". -ഷിയാസ് വീഡിയോയിൽ പറയുന്നു.






