
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളിലും സോഷ്യല്‍ മീഡിയാ പോരുകളിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം ഗ്രൂപ്പ് പോരുകള്‍ക്ക് വളം വെച്ചുകൊടുക്കരുതെന്നും എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ടപ്പോള്‍ ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്നും പറഞ്ഞു.
യുഡിഎഫ് ഒരു ടീമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് വിജയത്തില്‍ വലിയ പങ്കുണ്ട്. അതിനാല്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ഒതുക്കുന്നത് ശരിയല്ല. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയത്ത് വ്യക്തിപരമായ ആഘോഷങ്ങള്‍ പാടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി യോഗം ചേരുകയും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. അതിനുമുമ്പേയുള്ള ഇത്തരം ബഹളങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ പരിഹാസ്യരാക്കാനേ ഉപകരിക്കൂ. കെ.സി. വേണുഗോപാലിനെയോ വി.ഡി. സതീശനെയോ പിന്തുണച്ച് ചേരിതിരിഞ്ഞ് പോസ്റ്റുകള്‍ ഇടുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. ഇത്തരം പ്രവണതകളോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയിരുന്നു. ഇതിനെതിരെ ബെന്നി ബഹനാന്‍ എം.പി ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയേണ്ട വേദികളില്‍ പറയുമെന്നും ഇപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കരുതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.






