
ഒറ്റയ്ക്കുള്ള യാത്രകൾ, പ്രത്യേകിച്ച് രാത്രി യാത്രകൾ സ്ത്രീകളെ സംബന്ധിച്ച് എന്നുമൊരു പേടി സ്വപ്നമാണ്. പൊതുഗതാഗത സംവിധാനങ്ങളിലെ യാത്ര ഒരൽപ്പം ഭയത്തോടെയേ സ്ത്രീകൾ തിരഞ്ഞെടുക്കാറുള്ളൂ. അനാവശ്യ ശല്യപ്പെടുത്തലുകൾ യാത്രയിലുടനീളം വരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത ആവിശ്യമാണ്.
എന്നാൽ ഇപ്പോഴിതാ മുംബൈയിൽ നിന്നുള്ള ഒരു യുവതി പങ്കിട്ട അനുഭവം ഈ കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റി മറിക്കുകയാണ്. തന്റെ യാത്രയ്ക്കിടെ ഒരു ഓട്ടോ റിക്ഷയ്ക്കുള്ളിൽ പതിപ്പിച്ച ഹൃദ്യമായ സുരക്ഷാ സന്ദേശമാണ് ഉന്നതി ദേവാലിയ എന്ന യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.
ഓട്ടോ ഡ്രൈവറുടെ സീറ്റിന് പിന്നിലായി പതിപ്പിച്ച ആ കുറിപ്പിൽ എഴുതിയിരുന്നത്, ‘‘ഞാനും ഒരു പിതാവും സഹോദരനുമാണ്. നിങ്ങളുടെ സുരക്ഷ എനിക്ക് പ്രധാനപ്പെട്ടതാണ്. യാതൊരു ഭയവുമില്ലാതെ സുഖമായി ഇരുന്നോളൂ....’’ എന്നായിരുന്നു. ഒറ്റയ്ക്കുള്ള രാത്രി യാത്രകളിൽ സ്ത്രീകൾക്ക് വലിയ ആശ്വാസം പകരുന്നതായി ഓട്ടോയിലെഴുതിയ ഈ കുറിപ്പ് മാറി.
ഡ്രൈവറുടെ ഈ കരുതൽ കണ്ട് അത്ഭുതപ്പെട്ട ഉന്നതി സോഷ്യൽ മീഡിയയിലൂടെ തന്റെ മനസ്സിൽ തോന്നിയ ചിന്തയും പങ്കിട്ടു. ‘‘എല്ലാ പുരുഷന്മാരും ഭീഷണിയല്ലെന്നും, ചിലരെങ്കിലും മറ്റൊരാളുടെ സുരക്ഷിതമായ ഇടമാണെന്നും തിരിച്ചറിയുന്ന നിമിഷം... കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ട് ഇത്തരമൊരു ചെറിയ കരുതൽ പോലും വലിയൊരു ആഡംബരമായി തോന്നുന്നു...’’ ഉന്നതി കുറിച്ചു.
വീഡിയോ പങ്കിട്ട് നിമിഷങ്ങൾക്കകം തന്നെ വൈറലായി. പലരും ഓട്ടോ ഡ്രൈവർക്ക് മനസ്സിൽ നിന്നൊരു സല്യൂട്ട് നൽകുന്നുണ്ട്. ചെറിയൊരു കരുതൽ സമൂഹത്തിന്റെ മനോഭാവത്തെ എങ്ങനെ മാറ്റുന്നു എന്നതിന് വലിയൊരു ഉദാഹരണമാണിത് എന്നും ചിലർ കുറിച്ചു. മാറിയിരിക്കുകയാണ്.
27 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ച ഈ പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്. 'മറ്റുള്ളവരെ സുരക്ഷിതരാക്കാനും ആത്മവിശ്വാസം നൽകാനും എല്ലാവരും ഇത്തരത്തിൽ ചിന്തിക്കണം, വളരെ അർത്ഥവത്തായ വാക്കുകൾ. എല്ലാ പുരുഷന്മാരും ഇദ്ദേഹത്തെപ്പോലെ ഉദാരമനസ്കരായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു ഇദ്ദേഹത്തിന് വലിയൊരു സല്യൂട്ട്, എനിക്ക് ഈ അമ്മാവന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരനാകണം. എനിക്കൊരു മെമ്പർഷിപ്പ് തരൂ. വലിയൊരു ആദരവ്...' എന്നതടക്കമാണ് കമന്റുകൾ.






