
കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കു നേതൃത്വം നല്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ പതിനഞ്ചോളം എ പ്ലസ് മണ്ഡലങ്ങളില്‍. ഇവിടെ ശക്തമായ ത്രികോണപ്പോരാട്ടമാണു നടന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട. പാലക്കാട് ജില്ലയില്‍ പാലക്കാട്, മലമ്പുഴ. തൃശൂര്‍ ജില്ലയില്‍ തൃശൂര്‍, നാട്ടിക. പത്തനംതിട്ട ജില്ലയില്‍ കോന്നി, ആറന്മുള, കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ഏറെ പ്രതീക്ഷ. ഇതിനുപുറമേ പാല, പൂഞ്ഞാര്‍, തിരുവല്ല മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയവും ബി.ജെ.പി. കണക്കുകൂട്ടുന്നു.
എന്‍.ഡി.എയിലെ ട്വന്റി-20 പാര്‍ട്ടിയുടെ സാന്നിധ്യം മധ്യകേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ട്വന്റി-20 പിടിക്കുന്ന വോട്ടുകള്‍ ഭൂരിഭാഗവും യു.ഡി.എഫ്- എല്‍.ഡി.എഫ്. മുന്നണികളില്‍ നിന്നുള്ള അതൃപ്തരായ വോട്ടര്‍മാരുടേതാണ്. മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ട്വന്റി-20ക്ക് സാധിച്ചാല്‍ അത് എന്‍.ഡി.എയ്ക്കു വലിയ നേട്ടമാകും.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ട്വന്റി-20 വോട്ടുകള്‍ പിടിക്കുന്നതു പ്രധാന മുന്നണികളുടെ ഭൂരിപക്ഷം കുറയ്ക്കാനും കാരണമാകും. ട്വന്റി-20ക്ക് വലിയ സ്വാധീനമുള്ള കുന്നത്തുനാട് പോലുള്ള മേഖലകളില്‍ പ്രതീക്ഷയര്‍പ്പിച്ച ക്രൈസ്തവ വോട്ടുകള്‍ വിജയസാധ്യതയില്‍ നിര്‍ണായകമാണ്. പാല, പൂഞ്ഞാര്‍, തിരുവല്ല മണ്ഡലങ്ങളിലും ബി.ജെ.പി. വിജയസാധ്യത കാണുന്നുണ്ട്.
ക്രൈസ്തവ വിഭാഗങ്ങളുമായി എന്‍.ഡി.എ. അടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എഫ്.സി.ആര്.എ. ബില്ല് സംബന്ധിച്ച വിവാദം ഈ മേഖലകളില്‍ തിരിച്ചടിക്കും കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനവും കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടോയെന്നതും പ്രധാനമാണ്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനം നേടിയതെങ്കില്‍ 2021ല്‍ അത് ഒന്‍പതായി. പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 54,079 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എയിലെ ഇ. ശ്രീധരന് 50,220 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് വന്നു. വെറും 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. മലമ്പുഴയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. പ്രഭാകരന് 75,934 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എയിലെ സി. കൃഷ്ണകുമാര്‍ 50,200 വോട്ടുകള്‍ നേടി രണ്ടാമതെത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫ് 65,758 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എയിലെ കെ. സുരേന്ദ്രന് 65,013 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 745 വോട്ടുകളുടെ വ്യത്യാസത്തിലാണ് അഷ്റഫ് വിജയിച്ചത്.
കാസര്‍കോട് യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് 63,296 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. ശ്രീകാന്ത് 50,395 വോട്ടുകള്‍ നേടി രണ്ടാമതെത്തി. 12,901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍.എ. നെല്ലിക്കുന്ന് വിജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി 55,837 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് 51,888 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. വെറും 3,949 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ്. വിജയിച്ചത്.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 61,111 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.വി. രാജേഷ് 39,596 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് വിജയിച്ചത് 63,690 വോട്ടുകള്‍ നേടിയാണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 40,193 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
ആറ്റിങ്ങലില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഒ.എസ്. അംബിക 69,898 വോട്ട് നേടി വിജയിച്ചപ്പോള്‍ എന്‍.ഡി.എയുടെ പി. സുധീര്‍ 38,262 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജി.എസ്. ജയലാല്‍ 59,296 വോട്ട് നേടിയാണ് വിജയിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാര്‍ 42,090 വോട്ടുകള്‍ നേടി രണ്ടാമതായി. 17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജി.എസ്. ജയലാല്‍ വിജയിച്ചത്. 2016-ലും ബി.ബി. ഗോപകുമാര്‍ രണ്ടാം സ്ഥാനത്തായിരുന്നു.






