
പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍കാട് എസ് സി എസ്ടി കോടതിയാണ് ഹര്‍ജി തള്ളിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രശോഭിനെതിരേ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടല്‍മുറിയില്‍ വെച്ച് തന്നെ പലതവണ പീഡനത്തിനിരയാക്കി എന്നാണ് ആക്ഷേപം.
കഴിഞ്ഞമാസം 27 നാണ് ഇടുക്കി സ്വദേശിനിയായ യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. പ്രശോഭിന്റെ പിതാവ് നടത്തുന്ന ഹോട്ടലില്‍ എത്തി പതിവായി കണ്ടാണ് ഇവര്‍ പരിചയത്തിലായത്. ഈ സമയത്ത് യുവതി പാര്‍ട്ട് ടൈം ജോലി ചെയ്തു പഠനം നടത്തുകയായിരുന്നു. ഇതിനിടയിലാണ് യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്.
ഹോട്ടലില്‍ പല തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. തനിക്ക് ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വമ്പന്മാരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണത്തില്‍ പറയുന്നു. സംഭവം വന്‍ വിവാദമായി മാറിയതോടെ ബിജെപിയുടേയും ഡിവൈഎഫ്ഐ യുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നൂ.






