
മലപ്പുറത്ത് വിഷു ആഘോഷങ്ങള്‍ക്കിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന്റെ അടുക്കളയടക്കം കത്തിനശിച്ചു. മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
വിഷുവിന് രാവിലെ ഒമ്പതോടെ ഭാര്യ പായസം ഉണ്ടാക്കുന്നതിനിടെ പാചക വാതക സിലിണ്ടര്‍ തുറന്നപ്പോള്‍ സ്റ്റൗവില്‍ നിന്നും സിലിണ്ടറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട് അടുക്കള മുഴുവന്‍ തീ ആളിപ്പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്നരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും തീ അണക്കാന്‍ ശ്രമിച്ചു.
എന്നാല്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്താണ് തീ പൂര്‍ണ്ണമായും അണച്ചത്. തുടര്‍ന്ന് അപകടാവസ്ഥയിലായ സിലിണ്ടര്‍ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിറകുകളും മിക്‌സി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും സ്വിച്ച് ബോര്‍ഡും തീപിടിത്തത്തില്‍ നശിച്ചു.
പാചകവാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിലുണ്ടായ വിള്ളലിലൂടെ ഗ്യാസ് പുറത്തേക്ക് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്.






