
മോണാലിസ-ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് പറഞ്ഞ് രാഹുൽ ഈശ്വർ. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് ആവശ്യമായ നിയമോപദേശം നൽകിയതായും മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും അതിന്റെ കൃത്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് മോണാലിസ പരാതി നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്രായം തെളിയിക്കുന്ന രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മോണാലിസയും ഫർമാൻ ഖാനും നിയമോപദേശത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എന്നും കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് രാഹുൽ വ്യക്തമാക്കി. ഇന്ത്യ എല്ലാവരുടെയും അച്ഛന്റെയും അമ്മയുടെയും വകയാണെന്ന ഭരണഘടനാ ബോധ്യം ഓരോ ഇന്ത്യക്കാരനും വേണമെന്നും അതാണ് യഥാർത്ഥ രാജ്യസ്നേഹമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






