
പൊള്ളാച്ചി: പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നു.
അജിത(54), റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിദ്(45), ഷക്കീല(37), നൗഷാദ്(39), റുഖിയ(39), ഹിഷാം(12), ഷഹദീൻ(11), മസ്നീൻ(10), പാഷിത്(21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ടൂറിസ്റ്റ് വാൻ പൂർണമായും തകർന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാൽ സ്കൂളിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം നേരിട്ടത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ചാലക്കുടി എത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപാറയിലേക്ക് പോവുകയായിരുന്നു. പരുക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവർ മുഹമ്മദ് ഫാസിത്തിന്റെ (21) മൊഴി പൊലീസ് രേഖപ്പെടുത്തി.
ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് എത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് എണ്ണൂ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം . മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






