
ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഗ്രാമമായ പ്ലക്ലി ലോകപ്രശസ്തമായത് അവിടുത്തെ ഭീതിപ്പെടുത്തുന്ന പ്രേതക്കഥകളിലൂടെയാണ്. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തുള്ള 'ഡെറിംഗ് വുഡ്സ്' എന്ന കാടാണ് ഈ കഥകളുടെ കേന്ദ്രബിന്ദു. 'നിലവിളികളുടെ കാട്' എന്നാണ് ഈ വനപ്രദേശം അറിയപ്പെടുന്നത്. അര്‍ദ്ധരാത്രിയില്‍ കാടിനുള്ളില്‍ നിന്ന് ഭയപ്പെടുത്തുന്ന കൂവലുകളും ഹൃദയഭേദകമായ നിലവിളികളും കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. ഏകദേശം പന്ത്രണ്ടോളം പ്രേതങ്ങള്‍ ഈ കാട്ടില്‍ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ പ്രേതക്കഥകള്‍ക്ക് പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാടോടിക്കഥകളുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ഗ്രാമീണര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് തലയറുത്ത ഒരു കൊല്ലന്റെ ആത്മാവാണ് ഈ നിലവിളികള്‍ക്ക് പിന്നിലെന്നാണ് പ്രധാന വിശ്വാസം. കൂടാതെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മരിച്ച ഒരു സ്ത്രീ, ഒരു പുരോഹിതന്, ജിപ്സി സ്ത്രീ, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന രൂപം എന്നിങ്ങനെ നീളുന്നു ഇവിടുത്തെ 'പ്രേതങ്ങളുടെ' പട്ടിക. മഞ്ഞുള്ള സമയങ്ങളില്‍ കാട്ടിലൂടെ നടന്നുപോകുന്നവരെ കറുത്ത നിഴലുകള്‍ പിന്തുടരാറുണ്ടെന്നും അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാറുണ്ടെന്നും സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ദുരൂഹമായ തിരോധാനങ്ങളും മരണങ്ങളും ഈ വനത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. 1949ല്‍ ഒരു ഹാലോവീന്‍ രാത്രിയില്‍ ഇരുപതോളം പേരെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കഥകളുണ്ടെങ്കിലും ഇതിന് ഔദ്യോഗികമായ തെളിവുകളില്ല. വനത്തിനുള്ളില്‍ അസ്വാഭാവികമായ വെളിച്ചം കാണുന്നതും റോഡിലൂടെ പോകുന്ന വാഹനയാത്രികര്‍ക്ക് ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളും പ്ലക്ലിയെ വിനോദസഞ്ചാരികളുടെയും പാരാനോര്‍മല്‍ ഗവേഷകരുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റി. 1989ല്‍ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ പ്രേതബാധയുള്ള ഗ്രാമമെന്ന പേരില്‍ പ്ലക്ലി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം പിടിച്ചിരുന്നു.
എന്നാല്‍ ഈ കഥകളെല്ലാം വെറും കെട്ടുകഥകളാണെന്ന് വാദിക്കുന്നവരും കുറവല്ല. നവീനശിലായുഗത്തിലെ അവശേഷിപ്പുകളും മധ്യകാലഘട്ടത്തിലെ നിര്‍മ്മിതികളും കൊണ്ട് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇടമാണ് പ്ലക്ലി. ഈ വനപ്രദേശത്തെ പ്രകൃതി സമ്പത്ത് പുറത്തുനിന്നുള്ളവര്‍ ചൂഷണം ചെയ്യാതിരിക്കാന്‍ ഗ്രാമീണര്‍ തന്നെ പടച്ചുവിട്ട കഥകളാകാം ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. വിശ്വാസങ്ങള്‍ എന്തുതന്നെയായാലും, ചരിത്രവും ഭീതിയും ഇഴചേര്‍ന്ന ഈ ഗ്രാമം ഇന്നും ലോകത്തിന് മുന്നില്‍ ഒരു നിഗൂഢതയായി തുടരുന്നു.






