
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന്റെ 34 ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസകളുമായി ഭാര്യയും നടിയുമായ ആതിയ ഷെട്ടി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധനേടുകയാണ്. ‘ഹാപ്പി ബെര്‍ത്ത് ഡേ മൈ പേഴ്‌സണ്‍, ലവ് യു സോ മച്ച് ’എന്ന് കുറിച്ചുകൊണ്ടാണ് ആതിയ തന്റെ പ്രിയതമന് ആശംസകള്‍ നേര്‍ന്നത്.
വിവാഹത്തില്‍ നിന്നുള്ള അപൂര്‍വ്വ ചിത്രം, ഇരുവരും ഒന്നിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ, മകള്‍ ഇവാറയ്ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം, മെഹന്ദി ആഘോഷം, വിരലുകളിലെ ഹൃദയാകൃതിയിലുള്ള ടാറ്റൂ എന്നിങ്ങനെ തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ അടങ്ങുന്ന ചിത്രങ്ങളും ആതിയ കുറിപ്പിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ രാഹുലിന് ആശംസകള്‍ കമന്റായി കുറിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 ജനുവരിയിലാണ് ആതിയയും രാഹുലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് ദമ്പതികള്‍ക്ക് മകള്‍ ഇവാര ജനിക്കുന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇവാര എന്ന വാക്കിന്റെ അര്‍ഥം.
അതേസമയം 2015 ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'മോതിച്ചൂര്‍ ചക്‌നച്ചൂര്‍', 'മുബാറകന്‍' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മാതൃത്വം ആസ്വദിക്കുന്നതിനായി താരം നിലവില്‍ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്.






