
വിഘ്നേഷിനും മക്കള്‍ക്കുമൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ‘ഞങ്ങളും ഞങ്ങളുടെ അനുഗ്രഹങ്ങളും’ എന്ന ക്യാപ്ഷനോടെയാണ് താരം കുടുംബത്തോടൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
വിഘ്നേഷിനും മക്കളായ ഉയിരിനും ഉലകിനുമൊപ്പമുളള സന്തോഷനിമിഷങ്ങളാണ് നയന്‍സ് ആരാധകര്‍ക്കായി പങ്കുവെച്ചത്.കുടുംബത്തോടൊപ്പമുളള താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആരാധകരും സിനിമാലോകത്തെ സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. മക്കളോടൊപ്പമുള്ള നയന്‍താരയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര് രുദ്രോനീല്‍ എന്‍. ശിവന്, ഉലക് ദൈവിക് എന്‍. ശിവന് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇരുവരും കാണിക്കുന്ന ശ്രദ്ധ ആരാധകര്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട്.
അതേസമയം 2026 ൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കന്നഡ സൂപ്പർസ്റ്റാർ യഷിനൊപ്പം നയൻതാര പ്രധാന വേഷത്തിലെത്തുന്ന 'ടോക്സിക്' ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 4-ന് തിയേറ്ററുകളിൽ എത്തും.
മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരാണന് ചിത്രം പാട്രിയോട്ട് ആണ് മറ്റൊരു ചിത്രം. ഏപ്രില്‍ 23-ന് ചിത്രം റിലീസ് ചെയ്യും. കൂടാതെ‘ മൂക്കുത്തി അമ്മന്‍ 2’, കവിന് നായകനാവുന്ന 'ഹായ്', 'ഡിയര്‍ സ്റ്റുഡന്റ്സ്', 'മന്നങ്കട്ടി: സിന്‍സ് 1960' തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ലൗ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിഘ്നേഷിന്റെ സംവിധാനത്തില്‍ ഏറ്റവും പുതിയതായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.






