
സണ്‍സ്‌ക്രീന്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചര്‍മ്മം ഇരുണ്ടുപോകുന്നത് (Tanning) പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചര്‍മ്മത്തിന് ഒരു 'സൂപ്പര്‍ പവര്‍' കവചമായിട്ടാണ് പലരും സണ്‍സ്‌ക്രീനിനെ കാണുന്നത്. എന്നാല്‍ ഇത് തേച്ചിട്ടും വെയിലേറ്റാല്‍ നിറം മാറുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന രീതിയില്‍ ചില പിഴവുകള്‍ ഉണ്ടാകാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ നാം വരുത്തുന്ന സാധാരണ തെറ്റുകളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ശ്വേത റാണ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്......
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :
1. സണ്‍സ്‌ക്രീന്‍ 100% സംരക്ഷണം നല്‍കുന്നില്ല - സണ്‍സ്‌ക്രീന്‍ എല്ലാ അള്‍ട്രാവയലറ്റ് (UV) രശ്മികളെയും തടയുന്നില്ല. മിക്ക സണ്‍സ്‌ക്രീനുകളും വെയിലേറ്റ് ചര്‍മ്മം ചുവന്നുതടിക്കാനും പൊള്ളാനുമിടയാക്കുന്ന UVB രശ്മികളെയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ ചര്‍മ്മം ഇരുണ്ടുപോകാനും ചുളിവുകള്‍ വീഴാനും കാരണമാകുന്ന UVA രശ്മികളെ തടയാന്‍ 'ബ്രോഡ് സ്പെക്ട്രം' (Broad-spectrum) സണ്‍സ്‌ക്രീനുകള്‍ തന്നെ വേണം. അവ പോലും സൂര്യപ്രകാശത്തെ പൂര്‍ണ്ണമായി തടയുന്നില്ല, മറിച്ച് ഫില്‍ട്ടര്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
2. വേണ്ടത്ര അളവില്‍ ഉപയോഗിക്കാത്തത് - പലരും വളരെ കുറഞ്ഞ അളവില്‍ മാത്രമേ സണ്‍സ്‌ക്രീന്‍ പുരട്ടാറുള്ളൂ. ഇത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു. മുഖത്തിന് ഒരു ടീസ്പൂണ്‍ അളവിലും, ശരീരത്തിന് ഒരു ഷോട്ട്-ഗ്ലാസ് അളവിലും സണ്‍സ്‌ക്രീന്‍ വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.
3. ഇടയ്ക്കിടെ പുരട്ടാതിരിക്കുന്നത് (Reapplication) - ഒരിക്കല്‍ പുരട്ടിയാല്‍ ദിവസം മുഴുവന്‍ സംരക്ഷണം ലഭിക്കില്ല. പുറത്തിറങ്ങുമ്പോള്‍ വിയര്‍പ്പിലൂടെയും എണ്ണമയത്തിലൂടെയും സണ്‍സ്‌ക്രീന്‍ നഷ്ടപ്പെടാം. അതിനാല്‍, ഓരോ 2-3 മണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടണം.
4. സമയക്രമത്തിലെ പാളിച്ച - വീടിന് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് സണ്‍സ്‌ക്രീന്‍ തേക്കുന്നത് ഗുണം ചെയ്യില്ല. ചര്‍മ്മത്തില്‍ ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ സണ്‍സ്‌ക്രീനിന് സമയം ആവശ്യമാണ്. അതിനാല്‍ വെയിലത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുന്‍പ് തന്നെ ഇത് പുരട്ടണം.
5. കൂടുതല്‍ നേരം വെയിലത്ത് ചെലവഴിക്കുന്നത് - സണ്‍സ്‌ക്രീന്‍ തേച്ചിട്ടുണ്ടെങ്കിലും ദീര്‍ഘനേരം കടുത്ത വെയിലത്ത് നില്‍ക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് ഉച്ചയ്ക്ക് 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ വെയിലിന് തീവ്രത കൂടുതലായിരിക്കും. ഈ സമയത്ത് പരമാവധി വെയില്‍ ഒഴിവാക്കുക.
ടാനിംഗ് തടയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വഴികള്‍ :
ബ്രോഡ് സ്പെക്ട്രം സണ്‍സ്‌ക്രീന്‍ - ചുരുങ്ങിയത് SPF 30 എങ്കിലും ഉള്ള, UVA, UVB രശ്മികളെ തടയുന്ന സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക.
ശരിയായ അളവ് - കാതുകള്‍, കഴുത്ത്, കൈകള്‍ തുടങ്ങി വെയില്‍ ഏല്‍ക്കുന്ന എല്ലായിടത്തും നന്നായി സണ്‍സ്‌ക്രീന്‍ പുരട്ടുക.
അധിക സംരക്ഷണം - തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ചര്‍മ്മം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.
ആന്റിഓക്സിഡന്റുകള്‍ - വിറ്റാമിന്‍ സി (Vitamin C) പോലുള്ള ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വെയില്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.






