
സീരിയല്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടി ദീപ ജയന്. ഏറെനാളുകളായി അര്‍ബുദ രോഗത്തോട് പോരാടുകയായിരുന്നു സിദ്ധാര്‍ത്ഥ്. വിശ്വസിക്കാനാകുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ച് ദീപ പറയുന്നത്.
ദീപയുടെ കുറിപ്പ്:
വിശ്വസിക്കാന്‍ കഴിയുന്നില്ല, ക്യാന്‍സര്‍ ആയിരുന്നു എന്നും അറിഞ്ഞിരുന്നില്ല. അത് ഒരു പക്ഷെ ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും അറിവില്ലായിരിക്കാം. സിദ്ധാര്‍ഥ് എന്നല്ല വിനീഷ് എന്നേ എനിക്കറിയാവുള്ളൂ. അത് വിളിക്കാനായിരുന്നു എല്ലാര്ക്കും ഇഷ്ടവും. വര്‍ഷങ്ങളായി വിനീഷേട്ടനെ അറിയാവുന്നവര്‍ അങ്ങനെ വിളിക്കുള്ളൂ. സൂര്യ ടീവിയില്‍ 'മനസ്സറിയാതെ' എന്ന സീരിയലില്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്.
ആ ടീമിലുള്ള എല്ലാവരും ഈ വാര്‍ത്ത കേട്ടപ്പോ ഷോക്ക് ആയിപ്പോയി. ഞാനും. ഒട്ടും വിശ്വസിക്കാന്‍ സാധിച്ചില്ല, ആ വര്‍ക്കിന് ശേഷം ചേട്ടനെ ഇടയ്ക്ക് വേറെ ഒരു പ്രോജെക്ടില്‍ വച്ചു കാണാനിടയായി. മുന്‍പ് എങ്ങനെയാണോ പെരുമാറിയത് അതുപോലെ തന്നെ ആയിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടു മുട്ടിയപ്പോഴും. അന്ന് വിനീഷേട്ടന്‍ പറഞ്ഞിരുന്നു എന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നുവെന്ന്.
തിരിച്ച് എനിക്കും പറയാനുണ്ട് ചേട്ടാ... ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു ചേട്ടന്, ഓരോ സീന്‍ ചെയ്യുമ്പോഴും എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അതിനു വേണ്ടി പരമാവധി എഫേര്‍ട്ട് ഇട്ട് തന്നെ ചെയ്യുമായിരുന്നു, അഭിനയത്തില്‍ സ്വന്തം തെറ്റുകള്‍ തിരുത്തി നന്നാക്കാന്‍ എപ്പോഴും ശ്രമിക്കുമായിരുന്നു.
അഭിനയത്തെയും ഇന്‍ഡസ്ട്രിയേയും സത്യസന്ധമായി കാണാന്‍ കഴിയുന്ന ഒരു നല്ല വ്യക്തി. എല്ലാരോടും നല്ല പെരുമാറ്റം. ഒരുമിച്ചു വര്‍ക്ക് ചെയ്തിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടാല്‍, ഒരു പരിചയവും ഇല്ലാത്ത മട്ടില്‍ പെരുമാറുന്ന ആള്‍ക്കാരുടെ ഇടയില്‍ ഇദ്ദേഹം വ്യത്യസ്തനായിരുന്നു. രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം എന്നൊക്കെ പറഞ്ഞാലും ഈ നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു എന്നതാണ് സഹിക്കാന്‍ കഴിയാത്തത്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ട ആള് ഇങ്ങനെ പോയിന്നു അറിഞ്ഞപ്പോ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിനീഷേട്ടാ... അങ്ങയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ എളിയ കലാകാരിയുടെ കണ്ണീര് പ്രണാമം.






