
ശരീരത്തിന്റെ നിര്‍മ്മാണ ശിലകള്‍ (Building blocks) എന്നാണ് പ്രോട്ടീനുകള്‍ അറിയപ്പെടുന്നത്. നമ്മുടെ പേശികള്‍, ചര്‍മ്മം, ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ എന്നിവയുടെയെല്ലാം സുഗമമായ പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഭക്ഷണക്രമത്തില്‍ പ്രോട്ടീന്റെ അളവ് കുറഞ്ഞുപോകാറുണ്ട്. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം കാണിച്ചു തുടങ്ങും. തുടര്‍ച്ചയായ ക്ഷീണം, മുടി കൊഴിച്ചില്‍, പേശികളുടെ ബലക്കുറവ് എന്നിവ ഇതില്‍ പ്രധാനമാണ്. മുംബൈ ബി.ഡി.ആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. അരവിന്ദ് ബഡിഗര്‍ പങ്കുവെക്കുന്ന പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
പ്രോട്ടീന്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യം
'ആരോഗ്യകരമായ ജീവിതത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും പേശികളുടെ സംരക്ഷണത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പ്രായം, വ്യായാമം, ശാരീരിക അവസ്ഥ എന്നിവ അനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട പ്രോട്ടീന്റെ അളവ് വ്യത്യാസപ്പെടാം. പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട, മാംസം, പരിപ്പ് വര്‍ഗ്ഗങ്ങള്‍ (Nuts) എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ കുറവ് പരിഹരിക്കാന്‍ സഹായിക്കും,' എന്ന് ഡോ. അരവിന്ദ് നിര്‍ദ്ദേശിക്കുന്നു.
1. വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും - പ്രോട്ടീന്റെ കുറവിന്റെ പ്രധാന ലക്ഷണമാണ് എപ്പോഴും അനുഭവപ്പെടുന്ന ക്ഷീണം. പേശികളുടെ ആരോഗ്യത്തിനും ഊര്‍ജ്ജം നില നിലനിര്‍ത്തുന്നതിനും പ്രോട്ടീന്‍ ആവശ്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍, ഊര്‍ജ്ജത്തിനായി ശരീരം പേശികളെ വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് വലിയ തളര്‍ച്ചയ്ക്ക് കാരണമാകുന്നു.
2. പേശികളുടെ ബലക്കുറവ് (Muscle Atrophy) - പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് മൂലം പേശികള്‍ മെലിയാനും ബലഹീനമാകാനും സാധ്യതയുണ്ട്. ഇത് ദൈനംദിന ജോലികള്‍ ചെയ്യുന്നത് പ്രയാസകരമാക്കും.
3. ഇടയ്ക്കിടെയുള്ള രോഗങ്ങള്‍ - രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളുടെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ വേണം. പ്രോട്ടീന്‍ കുറയുന്നത് പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും, ഇടയ്ക്കിടെ അസുഖങ്ങള്‍ വരാനും മുറിവുകള്‍ ഉണങ്ങാന്‍ താമസമെടുക്കാനും കാരണമാവുകയും ചെയ്യുന്നു.
4. മുടി കൊഴിച്ചില്‍ - മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രധാന പ്രോട്ടീനാണ് 'കെരാറ്റിന്‍'. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ മുടി മെലിയാനും പൊട്ടിപ്പോകാനും അതുവഴി മുടി കൊഴിച്ചിലിനും ഇടയാക്കുന്നു.
5. നീര്‍വീക്കം (Swelling) - രക്തക്കുഴലുകളില്‍ ദ്രാവകങ്ങള്‍ നിലനിര്‍ത്താന്‍ പ്രോട്ടീനുകള്‍ സഹായിക്കുന്നു. പ്രോട്ടീന്റെ കുറവ് മൂലം ദ്രാവകങ്ങള്‍ രക്തക്കുഴലുകളില്‍ നിന്ന് മറ്റ് കോശങ്ങളിലേക്ക് ഇറങ്ങുകയും ഇത് കൈകാലുകളിലും മറ്റും നീര്‍വീക്കത്തിന് (Edema) കാരണമാവുകയും ചെയ്യുന്നു.
6. നഖം പൊട്ടുന്നതും ചര്‍മ്മം വരണ്ടുപോകുന്നതും - പ്രോട്ടീന്റെ അഭാവം നഖങ്ങളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുക, ചര്‍മ്മം അമിതമായി വരണ്ടുപോകുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
7. അമിതമായ വിശപ്പും ആസക്തിയും - വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെടുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോട് അമിതമായ താല്പര്യം തോന്നുകയും ചെയ്യും.






