ചിറ്റൂര്‍: കോഴിയിറച്ചി നല്‍കാതെ മുഴുവനും കഴിച്ചതിന്റെ ദേഷ്യത്തില്‍ മരുമകന്‍ അമ്മാവനെ തല്ലിക്കൊന്നു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂര്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു സഹോദരീപുത്രന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി.
കഴിഞ്ഞ 19 നു രാത്രി എട്ടോടെയായിരുന്നു സംഭവം. അവിവാഹിതനായ ശെന്തില്‍കുമാര്‍ സഹോദരി ശാന്തിയുടെ കുടുംബത്തിനൊപ്പമാണു താമസം. അമ്മാവനും മരുമകനും രാത്രി ഒരുമിച്ചു മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാനിരുന്നു. രാവിലെയുണ്ടാക്കിയ കോഴിക്കറി ശെന്തില്‍കുമാര്‍ ഉച്ചയ്‌ക്കുതന്നെ കഴിച്ചുതീര്‍ത്തിരുന്നു. അതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ഉന്തും തള്ളുമുണ്ടായി. പ്രഭാകരന്‍ ബോര്‍വെല്ലിന് ഉപയോഗിക്കുന്ന കട്ടികൂടിയ പൈപ്പ് എടുത്തു ശെന്തില്‍കുമാറിന്റെ കഴുത്തിനടിച്ചു. അവശനായ ശെന്തില്‍കുമാറിനെ ഉടന്‍ വേലന്താവളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം തമിഴ്‌നാട്ടിലേക്കു കടന്ന പ്രഭാകരനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി. ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ശെന്തില്‍കുമാറിന്റെ മൃതദേഹം പോസ്‌റ്റ്‌മാര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.






