
തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയ സംഭവത്തില്‍ പേട്ട പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തു.
സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വീഴ്‌ച സ്‌ഥിരീകരിച്ചത്. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായ രാജേഷിനെ സ്‌റ്റേഷനിലെത്തിച്ച ശേഷം ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചെന്നാണു കണ്ടെത്തല്‍.
ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ശ്രീകുമാര്‍ സ്‌റ്റേഷനിലെത്തി ഗുണ്ടാനേതാവിന് സൗകര്യം ഒരുക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. രാജേഷിന്റെ സുഹൃത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ശ്രീകുമാര്‍ സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെ ജി.ഡി. ചാര്‍ജ് ഉദ്യോഗസ്‌ഥന്റെ ഫോണ്‍ ഉപയോഗിച്ചാണ് രാജേഷ് ബന്ധപ്പെട്ടവരുമായി സംസാരിച്ചത്. പോലീസ് സ്‌റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ണായകമായി. ആദ്യം നിസാര വകുപ്പുകള്‍ ചുമത്തിയാണ് രാജേഷിനെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നതെങ്കിലും പിന്നീട് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഗൗരവമായ വകുപ്പുകള്‍ ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അന്‍പതോളം കേസുകളില്‍ പ്രതിയായ രാജേഷ് അടുത്തിടെ വീണ്ടും ആക്രമണക്കേസുകളില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാപ്പ നടപടി സ്വീകരിച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി നടത്തിയ നീക്കങ്ങളിലൂടെയാണ് ഇയാളെ പിടികൂടിയത്.






