
ലഖ്‌നൗ: യു.പിയില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന് അക്രമികള്‍. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന് സ്‌റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടായതോടെ ഓടിക്കൂടിയവര്‍ക്ക് നേരേയും അക്രമികള്‍ തോക്കുചൂണ്ടി. മിര്‍സാപുരിന് സമീപത്തെ കട്വാരു കാ പുരയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
രാജീവ് സിങ് എന്ന അഭിഭാഷകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പതിവ് പ്രഭാതനടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അഭിഭാഷകന്‍. ബൈക്കിലെത്തിയ രണ്ട് അക്രമികളില്‍ ഒരാള്‍ പുറത്തിറങ്ങി നാടന്‍ തോക്ക് ഉപയോഗിച്ച് സിങ്ങിനെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. സംഭവസ്‌ഥലത്ത് തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു.
കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ ബൈക്ക് സ്‌റ്റാര്‍ട്ടാകാതെ വന്നു. ഇത് അക്രമികള്‍ക്ക് അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ ബൈക്ക് സ്‌റ്റാര്‍ട്ടാക്കാന്‍ കഷ്‌ടപ്പെടുന്നത് വ്യക്‌തമായി കാണാം. ഈ സമയം നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കയ്യിലുണ്ടായിരുന്ന തോക്ക് കാട്ടി അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തി. ഇതിനിടെ ബൈക്ക് സ്‌റ്റാര്‍ട്ടായതോടെ ഇവര്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ജനനിബിഡമായ സ്‌ഥലത്ത് നടന്ന ഈ കൊലപാതകം വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിനിടയിലും സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.





