
ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെതയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ അതിശക്തമായ മത്സരം. തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായും പശ്ചിമബംഗാളില്‍ രണ്ടുഘട്ടമായുമാണ് വോട്ടെടുപ്പ്്. 23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്‌നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.
തമിഴ്‌നാട്ടില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.
ഡിഎംകെ സഖ്യവും എന്‍ഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. വോട്ടിനായി പണം നല്‍കാനൊരുങ്ങിയെന്ന പരാതിയില്‍ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. ഇതുവരെ തമിഴ്‌നാട്ടില്‍ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളില്‍ ആണ് മറ്റന്നാള്‍ വോട്ടെടുപ്പ്. എസ്‌ഐആര്‍ നടപടികള്‍ക്ക് ശേഷം 3.22 ലക്ഷം വോട്ടര്‍മാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. ബിജെപിയുടെ പ്രമുഖനേതാക്കള്‍ പ്രചരണത്തിനായി ഇന്ന് പശ്ചിബംഗാളില്‍ എത്തും. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് ഉണ്ട്.
കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം എന്ന ആരോപണം ഉയര്‍ത്തിയാണ് ടിഎംസിയുടെ പ്രചരണം. കഴിഞ്ഞദിവസം പ്രധാനമന്ത്രി റാലിക്കിടെ തെരുവില്‍ ഇറങ്ങി ജാല്‍മുരി കഴിച്ചത് നാടകമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ടിഎംസി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും മമത മുന്നറിയിപ്പ് നല്‍കി.






