
ബിജെപി നേതാവും മുൻ ഡിജിപിയുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു.
25,000 രൂപ പിഴയാണ് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി വിധിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെത്തുടർന്നാണ് നടപടി. ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഡച്ച് ഭാഷയിലുള്ള റിപ്പോർട്ട് സിബിഐക്ക് കൈമാറിയെന്നും അത് തർജമ ചെയ്ത് വരികയാണെന്നുംഅഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിക്ക് കൈമാറാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.






