
തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പേരാമ്പ്ര, പാലക്കാട്, നെന്മാറ എന്നിവിടങ്ങളിലെ സ്‌ട്രോംഗ്‌റൂം തുറക്കാനുള്ള നീക്കം നടക്കുന്നതിനിടയില്‍ വോട്ടെണ്ണല്‍ കഴിയുന്നത് വരെ സീല്‍ ചെയ്യപ്പെടാത്തത് ഉള്‍പ്പെടെ ഒരു മുറികളും തുറക്കരുതെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം.
നേരത്തേ കോഴിക്കോട് പേരാമ്പ്രയിലും പിന്നാലെ ഇന്ന് രാവിലെ നെന്മാറ മണ്ഡലവുമായി ബന്ധപ്പെട്ട സ്‌ട്രോംഗ് റൂമും തുറക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയായിരുന്നു. വിക്‌ടോറിയ കോളേജിലെ സ്‌ട്രോംഗ്‌റൂം തുറക്കാനുള്ള നീക്കത്തിനെതിരേ യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്ത് വന്നിരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി ഉള്ളില്‍വെച്ച് മറന്നുവെച്ചെന്ന് ന്യായീകരിച്ചാണ് സ്‌ട്രോംഗ് റൂം തുറക്കാന്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്.
നേരത്തേ കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കോഴിക്കോട് ജെ.ഡി.ടി. സ്‌കൂളിലെ റിസര്‍വ് റൂം തുറന്ന സംഭവത്തില്‍ വരണാധികാരിക്ക് ഗുരുതരവീഴ്ചയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് രേഖകളുടെ പകര്‍പ്പെടുക്കാന്‍ വരണാധികാരി മറന്നതാണ് മുറി തുറക്കേണ്ടിവന്ന സാഹചര്യത്തിലേക്ക് നയിച്ചത്. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ വരണാധികാരിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചില രേഖകളുടെ പകര്‍പ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നേരത്തേ എടുക്കേണ്ടതാണെങ്കിലും വരണാധികാരി മറന്നു. ഇത് എടുക്കാനായാണ് റിസര്‍വ് റൂം തുറക്കേണ്ടിവന്നതെന്നാണ് സൂചന.
എന്നാല്‍ ഇത് ഉദ്യോഗസ്ഥതലത്തിലുള്ള വന്‍വീഴ്ചയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. തുറന്ന മുറിയുടെ മുകളില്‍ 'സ്‌ട്രോങ് റൂം' എന്ന് എഴുതിയിട്ടുണ്ടെന്നും വിവരമറിഞ്ഞെത്തിയ തന്നെ ഉദ്യോഗസ്ഥര്‍ ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പോരാമ്പ്രയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ ആരോപിച്ചു. മുറി തുറന്നത് വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാരോപിച്ച് കോഴിക്കോട് ഡി.സി.സി. അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ ജില്ലയിലെ ആറ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. ഉള്‍പ്പെടെ സ്ഥലത്തെത്തിയ യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു.
ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂം തുറന്നെന്ന ആരോപണം തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. പോളിങ് രേഖകള്‍ സൂക്ഷിച്ച, മുദ്രവയ്ക്കാത്ത മുറിയാണ് എന്‍കോര്‍ സോഫ്റ്റ്‌വേറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്. വോട്ടിങ് യന്ത്രങ്ങളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും റിട്ടേണിങ്് ഓഫീസര്‍ വ്യക്തമാക്കി.






