
മുംബൈ: ഐവെയർ റീട്ടെയിലറായ ലെൻസ്‌കാർട്ട് പൊട്ടു തൊടുന്നതിനും പ്രസാദം ചാർത്തുന്നതിനും ഏർപ്പെടുത്തിയ വിലക്കിനെതിരെ ബിജെപി രംഗത്ത്. ഒരു മുസ്ലീം ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനാംഗങ്ങൾ മുംബൈയിലെ ഷോറൂമിലേക്ക് പ്രതിഷേധവുമായി എത്തി അവിടത്തെ ജോലിക്കാർക്ക് ബലമായി തിലകം ചാർത്തി.
ബിജെപി ന്യൂനപക്ഷമോർച്ച നേതാവ് നാസിയ ഇലാഹിയും സംഘവുമാണ് ലെൻസ്‌കാർട്ട് സ്റ്റോറിലെത്തി ജീവനക്കാരെ ചോദ്യം ചെയ്യുകയും അവർക്ക് ബലമായി തിലകം ചാർത്തുകയും ജപിച്ച ചരട് കെട്ടിക്കൊടുക്കുകയും ചെയ്തത്. ഇവർ പരിസരത്ത് “ജയ് ശ്രീറാം” വിളികൾ മുഴക്കുകയും ചെയ്തു.
ജോലിസ്ഥലത്ത് ഹിജാബ് അനുവദിക്കുമ്പോൾ തന്നെ, ജീവനക്കാർ തിലകവും പ്രസാദവും ധരിക്കുന്നത് വിലക്കിയതാണ് പ്രതിഷേധത്തിനു വഴിവച്ചത്. വിവാദം കൊഴുത്തതോടെ, ഈ നയരേഖ കാലികമല്ലെന്നും കമ്പനിയുടെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ വ്യക്തമാക്കി.






