
ബംഗളൂരു: ക്രമാതീതമായി വര്‍ദ്ധിക്കുന്ന ബംഗളൂരുവില്‍ ചൂടില്‍ ഹോട്ടലിലെ എ.സി.റൂം ബുക്ക് ചെയ്ത് ബംഗലുരു സ്വദേശിയായ യുവതി. പ്രിയപാല്‍ എന്ന സ്ത്രീയാണ് വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുന്നത്. അതും തന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
ചുട്ടുപൊള്ളുന്ന വീട്ടില്‍ ഇരിക്കാന്‍ വയ്യാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അവര്‍ വീഡിയോയില്‍ വിശദീകരിച്ചു. താന്‍ എന്തിനാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് കമന്റ് സെക്ഷനില്‍ പ്രിയ വ്യക്തമാക്കി. മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഒരു എയര്‍ കൂളറോ എസിയോ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയായിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ വരാന്‍ ഏഴ് ദിവസമെടുക്കും. വാടകയ്ക്ക് കൂളിംഗ് ഉപകരണങ്ങള്‍ നല്‍കുന്നവര്‍ക്കും ഇപ്പോള്‍ കയ്യില്‍ സ്‌റ്റോക്കില്ലത്രേ.
ഒടുവില്‍ ഒരു കൂളര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ശേഷം, അത് വരുന്നത് വരെ ഞായറാഴ്ച ദിവസം ഹോട്ടലില്‍ ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിന് പകരം ഹോട്ടല്‍ മുറിയില്‍ ഇരുന്ന് നെറ്റ്ഫ്‌ലിക്‌സ് കണ്ട് വിശ്രമിക്കുന്നത് നല്ലൊരു തീരുമാനമായി തോന്നിയെന്നും പ്രിയ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വ്യത്യസ്ത അഭിപ്രായം ഉയരുന്നുണ്ട്.






