
ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായകനായി പ്രേക്ഷകമനസ്സ് കീഴടക്കിയ താരപുത്രനാണ് ഷെയ്ന്‍ നിഗം. അബിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ താരം പിന്നീട് സിനിമയില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ വലിയ വിജയങ്ങള്‍ക്കൊപ്പം തിരിച്ചടികളും ഷെയ്ന്‍ നേരിട്ടു. സിനിമയേക്കാളേറെ വിവാദങ്ങളിലാണ് ഷെയ്നിന്റെ പേര് കൂട്ടിവായിച്ചിട്ടുള്ളത്.
എന്നാൽ ഇപ്പോൾ കുറച്ചു കാലമായി അനാവശ്യമായ ശ്രദ്ധകളിൽ നിന്ന് മാറി തന്റെ ജോലിയിലും കരിയറിലും വ്യക്തിജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഷെയ്ൻ. ജീത്തു ജോസഫിന്റെ ദീർഘകാല സഹപ്രവർത്തകനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' എന്ന ചിത്രത്തിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് താരം.
ഇപ്പോഴിതാ തുടക്കകാലത്ത് സിനിമാലോകം തനിക്ക് ശരിക്കും അന്യമായിരുന്നുവെന്ന് പറയുകയാണ് ഷെയ്ന്‍. അക്കാലത്ത് പണം കൈകാര്യം ചെയ്യാനോ സിനിമയിലെ പൊളിറ്റ്ക്സ് നേരിടാനോ തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷെയ്ൻ പറയുന്നു.‘‘ആ പ്രായത്തിൽ എനിക്ക് പണം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ എല്ലാ കാര്യങ്ങൾക്കും അമിതമായി വാഗ്ദാനങ്ങൾ നൽകാൻ ഇടയാകും. അങ്ങനെ വരുമ്പോൾ ആളുകൾ നിങ്ങളെ കൂടുതൽ ചൂഷണം ചെയ്യാൻ തുടങ്ങും. ഒടുവിൽ അത് സഹിക്കാവുന്നതിനപ്പുറം എത്തി നമ്മൾ പൊട്ടിത്തെറിക്കും.
ഇതിനെല്ലാം ഒപ്പം തന്നെ ജനങ്ങളുടെ വലിയ സ്നേഹവും എനിക്ക് ലഭിച്ചിരുന്നു. ആ സമയത്തെ സിനിമകളും ചർച്ച ചെയ്യപ്പെട്ടു. ഒരു വശത്ത് പ്രേക്ഷകരുടെ സ്നേഹവും മറുവശത്ത് സിനിമയിലെ പൊളിറ്റ്ക്സിനെക്കുറിച്ചുള്ള എന്റെ അജ്ഞതയും ഉണ്ടായിരുന്നു. 19-ാം വയസ്സിൽ ഞാൻ നായകനായി, 23-ൽ എനിക്ക് വിലക്ക് നേരിട്ടു. ഞാൻ ആരെയും മോശമായി പറയുന്നില്ല, എന്നെത്തന്നെ ന്യായീകരിക്കാനും ശ്രമിക്കുന്നില്ല...’’ ഷെയ്ന്‍ പറയുന്നു.





