
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ പത്തു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. കാണാതായവര്‍ക്ക് വേണ്ടി ഇന്ന് കഡാവര്‍ നായ്ക്കളെ എത്തിച്ചും പരിശോധന നടത്തും. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന് നഷ്ടമായത്. 13 പേര് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പത്തുപേര്‍ ഐസിയുവിലാണ്.
ഇന്ന് രാവിലെ മുതല്‍ സാമ്പിള്‍ പരിശോധന നടത്തും. മരിച്ചയാളുകളെ കണ്ടെത്തുക ദുഷ്ക്കരമായ ജോലിയാണ്. മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘവും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മജിസിറ്റീരിയല്‍ അന്വേണത്തിന് ഉത്തരവുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.
രക്ഷാദൗത്യത്തിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. വെടിക്കെട്ട് ദുരന്തത്തിന്റെ നടക്കും ഇതുവരെ നാട്ടുകാര്‍ക്ക് മാറിയിട്ടില്ല.രണ്ട് ഏക്കറോളം വരുന്ന വയലിന് നടുവിലുള്ള പ്രദേശത്തായിരുന്നു സ്ഫോടനം നടന്ന വെടിക്കെട്ട് പുര. എന്നാല്‍ സമീപപ്രദേശങ്ങളിലും അതിന്റെ ആഘാതം ഏറ്റു. വീടുകള്‍ക്ക് കേടുപാടുകള്‍ ഏറ്റിട്ടുണ്ട്.
സംഭവത്തില്‍ പാറമ്മേല്‍ക്കാവ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും പ്രതികരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് വീണ്ടും തെരച്ചിലുകള്‍ തുടരും.






