
തൃശൂര്‍: ''ആദ്യം ഒറ്റപ്പെട്ടൊരു സ്ഫോടന ശബ്ദമാണ് കേട്ടത്. തൊട്ടുപിന്നാലെ ഏറെ നേരം നീണ്ടു നിന്ന ഉഗ്രസ്ഫോടന പരമ്പര. പുറത്തിറങ്ങാതെ അകത്തിരുന്നതോടെ ഭൂമി കുലുങ്ങിമറിയുന്ന അവസ്ഥ. ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ആകാശത്തെ പൊട്ടി ചിതറല്‍ ശ്രദ്ധയില്‍ പെടുകയും വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചതാകാമെന്ന സംശയമുണ്ടായതും...''
പൊട്ടി ചിതറിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയുടെ കിലോമീറ്ററോളം അകലെ പാടശേഖരത്തിന്റെ എതിര് ദിശയില്‍ താമസിക്കുന്നവരുടെ വിവരണമാണിത്. ഉച്ചതിരിഞ്ഞ നേരത്ത് വാനില്‍ പകല്‍പ്പൂരം കണക്കെ കുഴിമിന്നികള്‍ പൊട്ടിച്ചിതറുന്ന കാഴ്ചയാണ് പുറത്തുണ്ടായിരുന്നവര്‍ കണ്ടത്. പൂരക്കാലത്ത് അത്യന്തം ആഹ്ലാദവും ആവേശവും തീര്‍ക്കേണ്ട ദൃശ്യമായിരുന്നെങ്കിലും സ്ഫോടനം വെടിക്കെട്ട് പുരയിലാണെന്ന് വ്യക്തമായതോടെ ആശങ്കയുടെ കരിനിഴല്‍ പരന്നു. നാടൊന്നാകെ മുണ്ടത്തിക്കോട് പാടശേഖരത്തേക്ക് ഓടിയെത്തിയെങ്കിലും കത്തിയമരുന്ന വെടിക്കെട്ട് പുരയ്ക്ക് സമീപത്തേക്ക് അടുക്കാന്‍ പോലും സാധിച്ചില്ല.
അഗ്നിഗോളമായി ഉയര്‍ന്നു പൊങ്ങി ആകാശത്ത് പുകച്ചുരുകള് മേഘകൂട്ടങ്ങള്‍ പോലെ സൃഷ്ടിച്ച് കത്തിയമരുന്ന വെടിക്കെട്ട് പുരയിലേക്ക് നോക്കി നില്‍ക്കാനേ ഓടി കൂടിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ സാധിച്ചുള്ളൂ. മുണ്ടത്തിക്കോട് പാടശേഖരത്തിന്റെ നടുഭാഗത്താണ് വെടിക്കെട്ട് പുരയും വെടിക്കെട്ടിനാവശ്യമായ പടക്കങ്ങള്‍, ഗുണ്ട്, അമിട്ട് തുടങ്ങിയ വിവിധ സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്നവയാണ് പൊട്ടിതെറിച്ചത്. കനത്ത ചൂടായതിനാല്‍ ഏതു ഭാഗത്തു നിന്നാണ് തീ ആളി പടര്‍ന്നതെന്ന യാതൊരു നിശ്ചയവുമില്ല. പലരുടേയും ചിന്നി ചിതറിയ ശരീര ഭാഗങ്ങള്‍ പോലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും നാട്ടുക്കാരും ചാക്കിലാക്കി എടുത്തു കൊണ്ടു പോവുകയായിരുന്നു.
വിവരം അറിഞ്ഞതോടെ പല ഭാഗത്തുനിന്നും ജനങ്ങളുടെ ഒഴുക്കായിരുന്നു. വടക്കാഞ്ചേരി, കുന്നംകുളം, തൃശൂര്‍ എന്നിവിടങ്ങളില്നിന്നുഗ അഗ്നിരക്ഷാ സേനയും പോലീസും എന്തിനും തയ്യാറായി ജനങ്ങളും എത്തിയെങ്കിലും തീ അണയാത്തതും ഇടക്കിടെ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കിലോമീറ്ററുകള്‍ക്ക് അകലെ വരെ കേട്ട സ്ഫോടന ശബ്ദം കേട്ട് എന്താണുണ്ടായതെന്ന് പോലും ആര്‍ക്കും ആദ്യം മനസിലായില്ല. ഭൂകമ്പമാണോ ഉണ്ടായതെന്നുള്ള സംശയത്തിനിടയിലാണ് മുണ്ടത്തിക്കോട് പാടത്തെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതെന്ന വാര്‍ത്ത പരന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ പൊട്ടിതകര്‍ന്നു. പല വീടുകള്‍ക്കും വിള്ളലുമുണ്ട്. ഓടുവീടുകളിലെ ഓടുകളും പൊട്ടി തകര്‍ന്നു വീണിരുന്നു. ശബ്ദം കേട്ട് വീടുകളില്‍ നിന്നും കുട്ടികളുമായി അമ്മമാര്‍ പുറത്തേക്ക് ഓടി. സ്ഫോടനത്തിന്റെ പ്രകമ്പനം നാടു മുഴുവന്‍ ഞെട്ടി തരിച്ചിരിക്കുകയാണ്. സമീപത്തെ തെങ്ങുകളും കത്തിയിട്ടുണ്ട്. അന്തരീക്ഷമാകെ പുക പടലങ്ങളാല്‍ നിറഞ്ഞു.
തീപിടിത്തമുണ്ടായി മണിക്കൂറുകള്‍ക്കുശേഷം ജീവന് പണയംവെച്ച് ഫയര്‍ഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഒരുവിധം തീ അണച്ചതിനുശേഷമാണ് അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും ചിന്നി ചിതറിയ ശരീരഭാഗങ്ങളും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇതിനിടയിലും പല ഭാഗത്തും തീ ഉയരുകയും ചെറിയ സ്ഫോടനങ്ങളുമുണ്ടായി.
കരിമരുന്നും പാടത്തെ മണ്ണും പറ്റി മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. മൃതശരീര അവശിഷ്ടങ്ങള്‍ പലയിടത്തായി ചിതറി കിടന്നിരുന്നു. മരങ്ങളുടെ മുകളിലേക്കുവരെ തെറിച്ച ശരീര അവശിഷ്ടങ്ങള്‍ ഡ്രോണിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. മുണ്ടത്തിക്കോട് അഞ്ചേക്കര്‍ പാടത്തിന് നടുവില്‍ അഞ്ച് ചെറിയ പടക്കപുരകളിലായാണ് കരിമരുന്നുകള്‍ ഒരുക്കിയിരുന്നത്. വലിയ കുഴിമിന്നലുകളും ഗുണ്ടുകളും ഡെയ്നകളുമാണ് സ്ഫോടനത്തില്‍ പൊട്ടിയത്.
അപകടത്തില്‍ മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ വരിവരിയായി മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞുകൊണ്ടേയിരുന്നു. മെഡിക്കല്‍ കോളജിലും എന്തിനും തയ്യാറായി വന്‍ജനക്കൂട്ടമുണ്ടായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക വിഭാഗം തന്നെ തയ്യാറാക്കി.
ഏറെ ആഹ്ലാദത്തിലായിരുന്നു കരാറുകാരന് കൂടിയായ മുണ്ടത്തിക്കോടുള്ള സതീഷിന്റെ വെടിക്കെട്ട് പുരയില്‍ തൊഴിലാളികള്‍ പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 24നാണ് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. ഇതിനുള്ള വെടിക്കോപ്പുകളാണ് ഇവിടെ തയാറാക്കിയിരുന്നത്. മാധ്യമ സംഘങ്ങള്‍ പടക്ക നിര്‍മാണത്തിന്റെ വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുണ്ടത്തിക്കോട് ഇന്നലെ എത്തിയിരുന്നു.
മാധ്യമ പ്രവര്‍ത്തകരോട് വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് തൊഴിലാളികള്‍ ഇടപെട്ടത്. ഈ ദൃശ്യങ്ങള്‍ എല്ലാവരേയും നൊമ്പരപ്പെടുത്തുന്നതാണ്. പലരും വര്‍ഷങ്ങളായി ഈ തൊഴില്‍ ചെയ്യുന്നവരാണ്. ചിലര്‍ സീസണില്‍ മാത്രം ജോലിക്ക് എത്തുന്നവരാണ്.
വനിതകളും പ്രായമായവരും തൊഴിലാളി സംഘത്തിലുണ്ടായിരുന്നു. ചിലര്‍ പാട്ടുപാടിയും മറ്റുമാണ് സന്തോഷം പങ്കുവെച്ചത്.
മാധ്യമ സംഘങ്ങള്‍ പിരിഞ്ഞതിന് പിന്നാലെ സമീപവാസികളായ ചിലരെല്ലാം ഭക്ഷണം കഴിക്കാന്‍ വീടുകളിലേക്ക് പോയി. അവരെല്ലാം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഒറ്റപ്പെട്ട പാടശേഖര പ്രദേശത്താണ് വെടിക്കെട്ട് പുരകള്‍ ഉണ്ടായിരുന്നത്. അപകടമേഖലയായതിനാല്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഇവിടെ നിര്‍മാണം നടന്നിരുന്നത്. സതീഷ് വര്‍ഷങ്ങളായി ഇവിടെ പടക്ക നിര്‍മാണം നടത്തുന്നുണ്ട്.






