
ലണ്ടന്‍: പാകിസ്ഥാനില്‍ നടക്കാനിരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്കില്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തു ഇറാന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ 'അനിശ്ചിതകാലത്തേക്ക്' നീട്ടിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്.
അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, രാവിലെ 7:55-ഓടെ ഇറാന്റെ പാരാമിലിട്ടറി റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കണ്ടെയ്‌നര്‍ കപ്പലിനെ ആക്രമിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഭാഗ്യവശാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല, പാരിസ്ഥിതിക ആഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാനിയന്‍ കണ്ടെയ്‌നര്‍ കപ്പല്‍ യുഎസ് സൈന്യം വെടിവെച്ച് പിടിച്ചെടുത്തതിനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനുമായി ബന്ധമുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനും പിന്നാലെയാണ് ഈ ആക്രമണം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും തസ്‌നിമും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാറിലെത്തിയില്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ഇറാനു കൂടുതല്‍ സമയം അനുവദിച്ചപ്പോഴും, ഹോര്‍മുസിലെ ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
ലോകത്തെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിയലൂടെയാണ്. ഇറാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയായാണ് കണക്കാക്കപ്പെടുന്നത്.
പ്രധാന ജലപാത അടഞ്ഞുകിടക്കുന്നത് മൂലം ഇറാന്റെ സാമ്പത്തിക നില തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
'ഇറാന്‍ സാമ്പത്തികമായി തകരുകയാണ്! അവര്‍ക്ക് ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നു കിട്ടണം,' അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസ് ഉപരോധം നിലനില്‍ക്കെ മുഖം രക്ഷിക്കാനാണ് കടലിടുക്ക് അടച്ചിടുന്നതിനെ ഇറാന്‍ പിന്തുണയ്ക്കുന്നതെന്ന് ട്രംപ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.






