
എറണാകുളം: വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ വച്ചാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീർ- ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്രീകെജി വിദ്യാർത്ഥിയാണ് കുട്ടി.
ആദം ഉൾപ്പെടെ 25 കുട്ടികളാണ് പാർക്കിൽ എത്തിയത്. സംസാരശേഷി കുറവുള്ള ആദം അദ്ധ്യാപികയുടെ കൈയിലായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങിയോടി. ഈ സമയത്ത് ആദത്തെ നിലത്തുനിർത്തിയ ശേഷം അദ്ധ്യാപിക ആ കുട്ടിയുടെ പുറകെ പോയി. ഇതിന് പിന്നാലെ തിരികെ എത്തിയ അദ്ധ്യാപിക ആദം മുറിയിലുണ്ടാകുമെന്ന് കരുതി.
കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തിനെ കാണാനില്ലെന്ന കാര്യം അദ്ധ്യാപകർ മനസിലാക്കുന്നത്. തുടർന്ന് മുറിയിൽ എത്തി പരിശോധിച്ചെങ്കിലും ആദത്തിനെ കണ്ടില്ല. പിന്നീട് പാർക്കിന്റെ പരിസര പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ടീഷർട്ട് വെള്ളച്ചാലിന് സമീപം കിടക്കുന്നത് കണ്ടു. തുടർന്ന് ജീവനക്കാരനാണ് വെള്ളച്ചാലിലിറങ്ങി ആദത്തിനെ പുറത്തെടുത്തത്.






