
ബാലിയിലെ ആഡംബര റിസോര്‍ട്ടില്‍ താമസിച്ച ശേഷം അവിടുത്തെ സാധനങ്ങളുമായി കടന്നുകളയാന്‍ ശ്രമിച്ച നാല് ഇന്ത്യന്‍ വിനോദസഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ബാലിയിലെ ഉബുദിലുള്ള അശ്വര റിസോര്‍ട്ടിലാണ് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം നടന്നത്. വിനോദസഞ്ചാരികളുടെ ബാഗുകള്‍ തുറന്ന് ജീവനക്കാര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഏപ്രില്‍ 16നാണ് ഈ സംഘം റിസോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തത്. മൂന്ന് പകലും രണ്ട് രാത്രിയും താമസിച്ച ശേഷം ഏപ്രില്‍ 19ന് രാവിലെ ഇവര്‍ ചെക്ക് ഔട്ട് ചെയ്ത് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. ഇവര്‍ താമസിച്ച മുറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ജീവനക്കാര്‍ കണ്ടെത്തി. ഇതോടെ വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തുകയും മറ്റ് അതിഥികളുടെ സാന്നിധ്യത്തില്‍ വെച്ച് തന്നെ ഇവരുടെ ബാഗുകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
റിസപ്ഷന് സമീപമുള്ള തുറന്ന സ്ഥലത്ത് വെച്ച് നടന്ന പരിശോധനയില്‍ ജീവനക്കാരെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള സാധനങ്ങളാണ് ബാഗുകളില്‍ നിന്നും കണ്ടെടുത്തത്. ബാത്ത് ടവലുകള്‍, പൂള് ടവലുകള്‍, ഹെയര്‍ ഡ്രയര്‍, കിമോണോ സ്റ്റൈല്‍ റോബുകള്‍ എന്നിവയ്ക്ക് പുറമെ ഒരു ഡോര്‍മാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങള്‍, സ്പൂണുകള്‍ എന്നിവയും ഇവരുടെ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കണ്ടെടുത്ത സാധനങ്ങളെല്ലാം ജീവനക്കാര്‍ അവിടെത്തന്നെ നിരത്തിവെച്ചു.
സംഭവത്തെക്കുറിച്ച് റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും വിഷയം നിയമനടപടികളിലേക്ക് നീക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. ഇരുവിഭാഗവും തമ്മില്‍ സംസാരിച്ച് നഷ്ടപരിഹാരം നല്കി വിഷയം ഒത്തുതീര്‍പ്പാക്കിയതായി ബാലി പോലീസ് അറിയിച്ചു. എന്നാല്‍ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കെതിരെ മോശം പ്രതിച്ഛായ രൂപപ്പെടാന്‍ ഇത്തരം പ്രവൃത്തികള്‍ കാരണമാകുന്നുവെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.







Comments