
ഹൈദരാബാദ്: കഞ്ചാവടിക്കാന്‍ ശമ്പളം തികയാതെ തുടര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവ്കൃഷി നടത്തിയ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ഒടുവില്‍ കുടുങ്ങി. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന നാചാരം സ്വദേശിയായ സി.എച്ച്. ശശിധറാണ് പിടിയിലായത്. ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ച ശശിധര്‍ മാസങ്ങള്‍ക്കുള്ളില്‍ കഞ്ചാവിന് അടിമയാവുകയും ശമ്പളത്തിന്റെ ഭൂരിഭാഗവും ഇതിനായി ചിലവാക്കുകയും ചെയ്തു.
ലഹരിക്കായി ശമ്പളം മുഴുവന്‍ ചിലവഴിച്ച ഇയാള്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നതായി ഒരു എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെ ശശിധര്‍ സ്വന്തം വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ആരംഭിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലരാജിന്റെ നേതൃത്വത്തിലുള്ള രംഗറെഡ്ഡി എന്‍ഫോഴ്സ്മെന്റ് സംഘം നാചാരത്തെ ഗാന്ധിനഗറിലുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും 17 കഞ്ചാവ് ചെടികള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ചില ചെടികള്‍ പൂവിട്ടിരുന്നതായും ഏകദേശം 10 കിലോയോളം വിളവ് ലഭിക്കുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ഘട്‌കേസര്‍ എക്‌സൈസ് പോലീസിന് കൈമാറി. മറ്റൊരു ഓപ്പറേഷനില്‍, മേഡിപ്പള്ളിയില്‍ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ബിടെക് വിദ്യാര്‍ത്ഥികളെ ഇതേ എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി. ബന്ദി അരുണ്‍ കുമാര്‍, ബി. ആശിഷ് എന്നിവരില്‍ നിന്ന് 480 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചെറിയ തോതില്‍ ലഹരി വിതരണം നടത്തിയിരുന്ന ഇവരെ നിയമനടപടികള്‍ക്കായി ഘട്‌കേസര്‍ എക്‌സൈസ് സ്റ്റേഷന് കൈമാറി.






