
ഭൗമ ദിനത്തില്‍ നടി ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രകൃതിയിലേക്ക് മടങ്ങാനും മണ്ണുമായും പരിസ്ഥിതിയുമായും മാനസികമായി ഒന്നാകാനുമാണ് താരം ഓര്‍മിപ്പിക്കുന്നത്. പ്രകൃതിയുമായി അടുത്ത് ഇടപഴകുന്നത് മനസ്സിനും ശരീരത്തിനും നല്‍കുന്ന ഊര്‍ജത്തെക്കുറിച്ചും നടി കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ സംരക്ഷണത്തിനായും പ്രകൃതിയെ സ്‌നേഹിക്കുന്നതിനായും എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഈ സന്ദേശത്തിലൂടെ അവര്‍ ചെയ്യുന്നത്.
വീടിന്റെ മുറ്റത്തെ പുല്‍ത്തകിടിയിലൂടെ നഗ്നപാദയായി പതുക്കെ നടക്കുന്ന വീഡിയോയ്‌ക്കൊപ്പമായിരുന്നു ശില്‍പ്പയുടെ കുറിപ്പ്. ‘ഭൗമദിനത്തിലും മറ്റ് എല്ലാ ദിവസങ്ങളിലും നഗ്നപാദരായി മണ്ണില്‍ നടന്ന് സ്വയം ഭുമിയുമായി ബന്ധപ്പെടാന്‍ ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ . ഭൂമിയുടെ ഊര്‍ജ്ജം നിങ്ങളെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കയും ചെയ്യട്ടെ. പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടുക. ചര്‍മ്മത്തില്‍ സൂര്യപ്രകാശവും, പാദങ്ങള്‍ക്ക് താഴെ മണ്ണും, പക്ഷികളുടെ കലപിലയും, കാറ്റിന്റെ തലോടലും ഒക്കെ അനുഭവിക്കുക. കാരണം ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ രീണ്ടും ഓര്‍മ്മിക്കുന്നു ’എന്നാണ് വീഡിയോയ്‌ക്കൊപ്പം ശില്‍പ്പ കുറിച്ചത്.
ഏതായാലും താരത്തിന്റെ വീഡിയോയും കുറിപ്പും ആരാധകര്‍ക്കിടയില്‍ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. യോഗ, ആരോഗ്യകരമായ ഭക്ഷണം, മനഃസാന്നിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശില്‍പ്പ ഇത്തരം വെല്‍നസ് ടിപ്പുകള്‍ പതിവായി തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
സിനിമയിലും ടെലിവിഷന്‍ രംഗത്തും ഒരേപോലെ സജീവമാണ് ശില്‍പ്പ ഷെട്ടി. അടുത്തിടെ 'സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ 5' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായി താരം തിളങ്ങിയിരുന്നു. 'കെഡി: ദ ഡെവിള്‍' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ശില്‍പ്പ ഇപ്പോള്‍.






