
വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ അപ്പാനി ശരത്ത്. തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ മറ്റൊരു അധ്യായം കൂടി പിന്നിടുമ്പോള്‍, പ്രണയവും, വിശ്വാസവും ഒത്തുചേരലും നിറഞ്ഞ യാത്രയെക്കുറിച്ചാണ് ശരത് വാചാലനായത്.
തന്നിലും ഭാര്യ രേഷ്മയിലും മാത്രം തുടങ്ങിയ യാത്ര ഇന്ന് കുഞ്ഞുങ്ങളുടെ ചിരിയും കൊച്ചു കാലടിപ്പാടുകളും നിറഞ്ഞ മനോഹരമായൊരു ലോകമായി മാറിയതിലെ സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികളിലും തനിക്ക് കരുത്തും സമാധാനവും നല്‍കുന്നത് തന്റെ പങ്കാളിയാണെന്നും ശരത് കുറിക്കുന്നു.
‘പ്രണയവും വിശ്വാസവും ഒത്തുചേരലും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ മനോഹരമായൊരു അധ്യായം കൂടി. നമ്മളില്‍ മാത്രം തുടങ്ങിയ നമ്മുടെ യാത്ര ഇന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും കൊച്ചു കാലടലപ്പാടുകളും ഏറ്റവും നിഷ്‌ക്കളങ്കമായ സ്‌നേഹവും നിറഞ്ഞ മനോഹരമായൊരു ലോകമായി മാറിയിരിക്കുന്നു.
നമ്മുടെ യാത്രയുടെ ഏറ്റവും വിലപ്പെട്ട ഭാഗമാണ് അവര്‍ . നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം, എന്നെന്നും കൂടെയുള്ള സന്തോഷം. ഓരോ ചിരിയിലും, ഓരോ പ്രതിസന്ധിയിലും, ഓരോ ഓര്‍മ്മയിലും നീ എനിക്ക് കരുത്താണ്, സമാധാനമാണ്, എന്റെ വീടാണ്.
വിവാഹവാര്‍ഷിക ആശംസകള്‍ .ഈ ജീവിതത്തിനും, ഈ സ്‌നേഹത്തിനും, നമ്മള്‍ ഒരുമിച്ച് കെട്ടിപ്പടുക്കുന്ന നമ്മുടെ മനോഹരമായ കുടുംബത്തിനും ഒരുപാട് നന്ദി’ ശരത്ത് കുറിച്ചു. താരത്തിന്റെ ഈ കുറിപ്പിന് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
2017 ലായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടെയും വിവാഹം. മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്. 2018 ലെ പ്രളയകാലത്താണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ് മകളുടെ പേര്. 2021 ല്‍ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരത്തും ജനിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാമതൊരു ആണ്‍കുട്ടി കൂടി ജനിച്ചത്. അച്ഛനായതിലെ അഭിമാനം താരം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, പോക്കിരി സൈമണ്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ഥിയുമായിരുന്നു താരം.






