
ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏപ്രില്‍ മാസത്തെ അപ്ഡേറ്റിന് ശേഷം ബാറ്ററി അതിവേഗം തീരുന്നതായി വ്യാപകമായ പരാതി. ഫോണ്‍ ഉപയോഗത്തിലില്ലാത്തപ്പോഴും ചാര്‍ജ് കുറയുന്ന ഈ പ്രശ്നം ഗൂഗിള്‍ പരിശോധിച്ച് വരികയാണെന്നും അടുത്ത അപ്ഡേറ്റില്‍ പരിഹാരം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിക്സല്‍ ഫോണ്‍ ഉപയോഗത്തിലില്ലാത്തപ്പോഴും സ്ക്രീന്‍ ഓഫായിരിക്കുമ്പോഴും പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ ഫോണില്‍ നടക്കുന്നതും, അതിനാല്‍ ബാറ്ററി വേഗം തീരുന്നതുമാണ് പ്രധാന പ്രശ്നം.
ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരിക്കുമ്പോഴും ചാര്‍ജ് തീരുന്നതായും പരാതികളില്‍ പറയുന്നു. ഈ ബാറ്ററി പ്രശ്നം നെറ്റ്വര്‍ക്ക് യൂസേജുമായി ബന്ധപ്പെട്ടതല്ല. സ്ക്രീന്‍-സമയം മുമ്പത്തേക്കാള്‍ നേര്‍പകുതിയായി കുറഞ്ഞിട്ടും ബാറ്ററി ശൂന്യമാവുന്നതായും ചില പരാതികളില്‍ പറയുന്നു. ഈ സങ്കീര്‍ണ പ്രശ്നം ഏപ്രില്‍ 14-നാണ് ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്നം നേരിടുന്ന ഉപഭോക്താക്കള്‍ ബഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലെ പരാതിയെ കുറിച്ച് റെഡ്ഡിറ്റ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരാതികള്‍ കാണാം.
മെയ് മാസത്തിലെ പിക്സല്‍ അപ്ഡേറ്റില്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. ബാറ്ററി സംബന്ധമായ പ്രശ്നം ഗൂഗിള്‍ പിക്സല്‍ ഉപഭോക്താക്കള്‍ നേരിടുന്നത് ഇതാദ്യമല്ല. മുമ്പത്തെ അപ്ഡേറ്റുകളിലും സമാനമായി പ്രശ്നം ഉയര്‍ന്നിരുന്നു. അതേസമയം, എന്താണ് പിക്സല്‍ ഫോണുകള്‍ നേരിടുന്ന ഈ ബാറ്ററി പ്രശ്നത്തിന് കാരണമെന്ന് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.






