
ചമ്പ: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ പാകിസ്ഥാൻ നിർമ്മിതമെന്ന് കരുതുന്ന, വിമാനത്തിന്റെ ആകൃതിയിലുള്ള, ബലൂണുകൾ കണ്ടെത്തി. പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈസിന്റെ ചുരുക്കപ്പേരായ ‘പിഐഎ’ എന്ന് ഇംഗ്ളീഷിൽ രേഖപ്പെടുത്തിയിട്ടുള്ളതും പാകിസ്ഥാൻ ദേശീയ പതാകയുടെ ചിത്രം പതിപ്പിച്ചിട്ടുള്ളതുമാണ് ബലൂണുകൾ.
ചമ്പയിലെ ഒരു ഗ്രാമപ്രദേശത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് കഴിഞ്ഞ ദിവസം ബലൂൺ കണ്ടെത്തിയത്. നാഗലി ഗ്രാമ പഞ്ചായത്തിലെ മുൻ മുഖ്യനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതെ തുടർന്ന് ഡിഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ബലൂൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ ഒരു ബലൂൺ ഇതേ പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നതായും ഇത് രണ്ടാമത്തെ സംഭവമാണെന്നും പ്രദേശവാസികൾ പറഞ്ഞു. ഇത്തരം ബലൂണുകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.






