
ഗുരുവായൂർ: ക്ഷേത്ര പരിസരത്തു നിന്ന് കഴിഞ്ഞ 21ന് ‘ഈദ് മുബാറക്’ എന്നെഴുതിയ മിഠായി കവർ ലഭിച്ചതിനെ തുടർന്ന് പൊലീസും ദേവസ്വവും വിശദമായ അന്വേഷണം നടത്തി. ക്ഷേത്രത്തിനു പുറത്ത് ഒരു കുട്ടിയുടെ കയ്യിൽ കണ്ട കവർ തമിഴ്നാട് സ്വദേശിയായ ഭക്തയാണ് ക്ഷേത്രം കാവലിൽ ഉണ്ടായിരുന്ന പൊലീസിനെ ഏൽപിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്ത് ആരെങ്കിലും മിഠായി വിതരണം നടത്തിയോ എന്ന് ദേവസ്വവും പൊലീസും അന്വേഷിച്ചു. ക്ഷേത്രമാകെ അരിച്ചു പെറുക്കി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ദേവസ്വവും പൊലീസും നടത്തിയെന്നും അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു.
ഇതേ ദിവസം തന്നെ ക്ഷേത്രം കിഴക്കെ നടയിലെ കംഫർട്ട് സ്റ്റേഷനു സമീപത്ത് ചുറ്റിത്തിരിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നതെന്ന് സംശയിക്കുന്ന കശ്മീർ സ്വദേശിയായ യുവാവിനെ പരിസരത്തുണ്ടായിരുന്നവരുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടി. കശ്മീർ നൗഖാം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട കരിദാർ സ്വദേശി താരിഖ് അൻവറിനെ (47) ടെംപിൾ പൊലീസ് കോടതിയിൽ ഹാജരാക്കിയതിനു ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. താരിഖ് അൻവറിനെ കാണാനില്ലെന്നു പറഞ്ഞ് നൗഖാം പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു എന്നും വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ കേരളത്തിലേക്ക് പുറപ്പെട്ടതായും പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായും ‘ഈദ് മുബാറക്’ എന്ന് പുറംകവറിൽ എഴുതിയ മിഠായി കശ്മീരി സ്വദേശി താരിഖ് അഹമ്മദ് ക്ഷേത്രത്തിൽ വിതരണം ചെയ്തതായി വിവരം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചു. ഇക്കാര്യത്തിൽ പൊലീസും ദേവസ്വവും സത്യാവസ്ഥ പൊതു ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.






