
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഇരയോട് കാട്ടിയത് വലിയ ക്രൂരത. പ്രതിയായ മുന്‍ വീട്ടുജോലിക്കാരന്റെ ക്രൂരതയും ജീവന്‍ രക്ഷിക്കാന്‍ യുവതി നടത്തിയ പോരാട്ടവും വെളിപ്പെടുത്തുന്നതാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ മുന്‍ വീട്ടുജോലിക്കാരനായ രാഹുല്‍ മീണയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
വീട്ടിലെ സ്‌പെയര്‍ കീ ഉപയോഗിച്ചാണ് ഇയാള്‍ അകത്തുകടന്നത്. യുവതിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്തായിരുന്നു കൃത്യം നടന്നത്. ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ മൂക്കിലെ അസ്ഥി തകര്‍ന്നു. യുവതിയുടെ കൈകളിലും കാലുകളിലും ഉരച്ചിലുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തടയാനും ജീവന്‍ രക്ഷിക്കാനും യുവതി പരമാവധി ശ്രമിച്ചിരുന്നു എന്നതിന്റെ സൂചനയാണിത്. കഴുത്തിലെ പേശികളിലുണ്ടായ രക്തസ്രാവവും തരുണാസ്ഥിയിലുണ്ടായ ഒടിവുകളും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുന്നു. മൊബൈല്‍ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ചാണ് ഇയാള്‍ യുവതിയെ ശ്വാസംമുട്ടിച്ചത്.
യുവതി അബോധാവസ്ഥയിലായപ്പോള്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് സംശയിക്കുന്നു. ഇതിന്റെ ശാസ്ത്രീയ സ്ഥിരീകരണത്തിനായി നഖങ്ങള്‍, രക്തം തുടങ്ങിയവയുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന റൂഫ്ടോപ്പ് മുറിയില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്. അതിനുശേഷം മൃതദേഹം താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന പ്രതി, യുവതിയുടെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചു.
അത് പരാജയപ്പെട്ടപ്പോള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് പണവും ആഭരണങ്ങളും കവര്‍ന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറിയാണ് ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് സ്വന്തം സുഹൃത്തിന്റെ ഭാര്യയെയും രാഹുല്‍ മീണ പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്വാരകയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി രാവിലെ 6:30-ന് കോളനിയില്‍ പ്രവേശിച്ചതായും 7:20-ന് മടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.






