
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ വൈകാതെ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഏപ്രിൽ 28 മുതൽ ഇടിമിന്നലോട് വേനൽ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തും. ഇടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ താപനിലയിൽ കുറവുണ്ടാകും. മെയ് ആദ്യം മുതൽ വേനൽ മഴ എത്തുമെന്നും പ്രവചനമുണ്ട്.
അൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മേയ് 18-നും 25-നും ഇടയിൽ കാലവർഷം എത്തിയേക്കാം. മേയ് 25 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റം വന്നില്ലെങ്കിൽ മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്.
നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് സമുദ്രത്തിൽ നിന്നുള്ള കാറ്റിനെ നേരത്തെ കരയിലേക്ക് എത്തിക്കാൻ കാരണമായേക്കാം. ഇത്തവണ കാലവർഷം എത്തുമ്പോൾ എൽ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം (Positive IOD) ഇത്തവണ കാലവർഷത്തിന് കരുത്തേകാൻ സാധ്യതയുണ്ട്.






