
വാഷിംഗ്ടൻ: ആർഎസ്‌എസ് അക്രമത്തിലൂടെ ഭീതി പരത്തുന്ന ഇന്ത്യയിലെ 'കു ക്ലക്സ് ക്ലാൻ' അല്ല എന്ന്സംഘടനാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'ന്യൂ ഇന്ത്യ കോൺഫറൻസി'ൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആർഎസ്‌എസിനെ വെളുത്ത വർഗ മേധാവിത്വ സംഘമായ ‘കു ക്ലക്സ് ക്ളാനു’മായി താരതമ്യം ചെയ്യുന്നത് തെറ്റിദ്ധാരണാജനകമാണ്. ആർഎസ്എസ് ഒരു 'ഹിന്ദു മേധാവിത്വ' സംഘടനയാണെന്നോ അല്ലെങ്കിൽ അത് ക്രിസ്ത്യൻ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നോ ഉള്ള തരത്തിലുള്ള പ്രചാരണങ്ങൾ പതിറ്റാണ്ടുകളായി മനഃപൂർവമോ അല്ലാതെയോ ഉണ്ടായിട്ടുണ്ട്. ആർഎസ്എസ് എന്താണോ ചെയ്യുന്നത് അതല്ല എടുത്തുകാണിക്കപ്പെടുന്നത്. പകരം ഇന്ത്യയിലെ ‘കു ക്ലക്സ് ക്ലാൻ’ ആണെന്ന തരത്തിലുള്ള എതിർ പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാൽ യഥാർത്ഥ ചിത്രം അതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഒരു കുടുംബമായി കാണുന്ന (വസുധൈവ കുടുംബകം) ഹിന്ദു തത്വശാസ്ത്രത്തിൽ മേധാവിത്വത്തിന് സ്ഥാനമില്ലെന്നും ചരിത്രപരമായി ഹിന്ദുക്കൾ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് ഒരു സന്നദ്ധ സേവന സംഘടനയാണെന്നും ഇന്ത്യയുടെ സാംസ്കാരികവും നാഗരികവുമായ മൂല്യങ്ങളിലാണ് അത് അധിഷ്ഠിതമെന്നും അദ്ദേഹം വിവരിച്ചു. ഏകദേശം 83,000 ശാഖകളിലൂടെ സ്വഭാവരൂപീകരണവും സേവനമനോഭാവവുമാണ് സംഘടന ലക്ഷ്യമിടുന്നത്.
സംസ്കാരവും ആധുനികതയും പരസ്പരവിരുദ്ധമല്ലെന്നും ജപ്പാനും ചൈനയും പോലെ തനതായ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ആധുനികവൽക്കരിക്കപ്പെടാൻ സാധിക്കുമെന്നും ഹൊസബാളെ അഭിപ്രായപ്പെട്ടു.
അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വർഗക്കാരായ അമേരിക്കക്കാരുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയിൽ രൂപം കൊണ്ട സംഘടനകളുടെ പേരാണ് കു ക്ലക്സ് ക്ലാൻ.






