
ഡല്‍ഹി: ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചുകയറി 22 കാരി മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പണം കവര്‍ന്ന സംഭവത്തില്‍ ഖേദം അല്‍പ്പം പോലുമില്ലാതെ പ്രതി 19 കാരന്‍ മീണ. മീണയ്ക്ക് തന്റെ പ്രവര്‍ത്തികളില്‍ യാതൊരുവിധ പശ്ചാത്താപവും ഇല്ലെന്നും ഇയാള്‍ക്ക് കുറ്റബോധം തീരെ കുറവാണെന്നും അന്വേഷണത്തിനിടയില്‍ പലതവണ മൊഴി മാറ്റിപ്പറഞ്ഞതായും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള ചോദ്യം ചെയ്യലിലുടനീളം തികച്ചും ശാന്തനായാണ് ഇയാള്‍ പെരുമാറുന്നത്.
എന്നാല്‍, ഡല്‍ഹിയിലെ ഈ ക്രൂരകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അല്‍വാറില്‍ വെച്ച് മറ്റൊരു സ്ത്രീയെയും ഇയാള്‍ പീഡിപ്പിച്ചതായി സംശയിക്കുന്നതിനാല്‍, ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് മീന എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. സംഭവം ആകസ്മികമായി ഉണ്ടായതാണെന്നും താന്‍ പണം ചോദിച്ചിട്ട് തരാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പണം തന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു.
ഇരയുടെ വീട്ടില്‍ 20,000 രൂപ ശമ്പളത്തിലും ബോണസ്സിലും എട്ടുമാസത്തോളം രാഹുല്‍ മീന ജോലി ചെയ്തിരുന്നു. എന്നാല്‍ അയല്‍പക്കത്തെ വീട്ടുജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങുന്ന ശീലവും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന രീതിയും കാരണം ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൊവ്വാഴ്ച വൈകുന്നേരം അല്‍വാറില്‍ വെച്ച് തന്റെ ലുഡോ കൂട്ടുകാരനോടൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാള്‍ പോയിരുന്നു. അന്ന് രാത്രി വൈകി ഗ്രാമത്തില്‍ തിരിച്ചെത്തിയ ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തതായാണ് ആരോപണം.
സംശയം ഒഴിവാക്കുന്നതിനും തന്നെ ആരും പിന്തുടരാതിരിക്കാനുമായി ഇയാള്‍ സ്വന്തം ഫോണും കുടുംബാംഗങ്ങളുടെ ഫോണുകളും ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ വിറ്റു. തുടര്‍ന്ന് 6,000 രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ഒരു ടാക്‌സി വിളിച്ചു. ഈ പണത്തിന്റെ ഒരു ഭാഗം ഓണ്‍ലൈന്‍ വാതുവെപ്പിനായാണ് ഇയാള്‍ ഉപയോഗിച്ചത്. ഡല്‍ഹിയില്‍ എത്തിയ ശേഷം ഡ്രൈവര്‍ക്ക് പണം നല്‍കാതെ ഇയാള്‍ കടന്നുകളഞ്ഞു. അതിന് ശേഷമാണ് തന്റെ മുന്‍ തൊഴിലുടമയുടെ വീട്ടില്‍ കയറിയതും 22 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയതും. ഡല്‍ഹിയില്‍ കവര്‍ച്ച നടത്തി ആ പണവുമായി അല്‍വാറിലേക്ക് തിരികെ വരിക എന്നതായിരുന്നു തന്റെ പദ്ധതിയെന്ന് ഇയാള്‍ പറഞ്ഞു.






