
കൊച്ചി : പമ്പുകടിയേല്ക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാനതലത്തില്‍ ദ്രുതകര്‍മ പദ്ധതിയുമായി വനംവകുപ്പ്. പഞ്ചായത്ത് തലത്തിലാണു പദ്ധതി നടപ്പാക്കുക. ബോധവത്കരണത്തിനു പുറമേ, കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിവെളുപ്പിക്കാനും പാമ്പുകള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനുമാണു പദ്ധതി. ഇന്നലെ ചേര്‍ന്ന ഉന്നതല അവലോകനയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ സേനയെയാണ് (ആര്.ആര്.ടി.) പദ്ധതിക്കായി നിയോഗിച്ചിട്ടുള്ളത്. പാമ്പുകടിയേറ്റുള്ള മരണം അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു വനംവകുപ്പിന്റെ നടപടി. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യവും കടുത്ത വേനലും നിലനില്‍ക്കുന്നതിനാല്‍ പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങാന് സാധ്യതയേറെയാണ്. ഇതു കണക്കിലെടുത്താണ് സുരക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ പാമ്പുകടിയേറ്റു മരിച്ചത് മൂന്നുപേരാണ്.
വേനല്ക്കാലത്തു മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ അലക്ഷ്യമായി ഇടരുത്. ഇങ്ങനെ ചെയ്യുന്നത് എലികള്‍ വരാനും അവയെത്തേടി പരിസരത്ത് പാമ്പുകളെത്താനും കാരണമാകും. പാമ്പുകടിയേറ്റാല്‍ ഒട്ടും താമസിക്കാതെ ആന്റിവെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. ജില്ലാ കലക്ടര്‍മാരുടെ കീഴിലുള്ള സമിതികള്‍ക്ക് ആശുപത്രികളില്‍ ആന്റിവെനം ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ പാമ്പുകടി മൂലമുള്ള മരണങ്ങള് കുറഞ്ഞുവരുന്നതായാണ് വനംവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018-19 കാലയളവില്‍ 123 പേരാണു മരിച്ചതെങ്കില്‍ സര്‍പ്പ് പദ്ധതിയുടെ ഫലമായി 2025-26 വര്‍ഷത്തില്‍ മരണം 18 ആയി കുറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് മരണനിരക്ക് ആറിലൊന്നായി ചുരുക്കാനായി. ഈവര്‍ഷം വേനല്‍ കടുത്തതോടെ വിവിധ ഇടങ്ങളിലായി പത്തിലധികം പേര് പാമ്പുകടിയേറ്റു ചികിത്സയിലുണ്ട്. 2030 ഓടെ പാമ്പുകടി മൂലമുള്ള മരണങ്ങള് പൂര്‍ണമായും ഇല്ലാതാക്കുകയാണു വനംവകുപ്പിന്റെ ലക്ഷ്യം.
പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും വിവരങ്ങള്‍ ഏകോപിപ്പിക്കാനുമായി 2020 ഓഗസ്റ്റിലാണ് സര്‍പ്പ മൊബൈല്‍ ആപ്പ് ആരംഭിച്ചത്. പരിശീലനം ലഭിച്ച മൂവായിരത്തി അറുനൂറോളം സര്‍പ്പ വോളന്റിയര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈവര്‍ഷം എണ്ണൂറിലധികം വിദ്യാലയങ്ങളിലായി അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.






