
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സഹജീവി സ്നേഹത്തിന്റെ മനോഹരമായ ഒരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവര്‍ന്നുകൊണ്ടിരിക്കുന്നത്. ഗുരുഗ്രാമിലെ ഇന്‍ഫ്ലുവന്‍സറായ സുചി ശര്‍മ്മ, വഴിയരികില്‍ ഭിക്ഷയാചിച്ചിരുന്ന ഗീത എന്ന ഗര്‍ഭിണിയായ യുവതിക്ക് സഹായഹസ്തവുമായി എത്തിയതാണ് ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആട്ട വിതരണം ചെയ്യുന്നതിനിടയിലാണ് സുചി ഈ യുവതിയെ ശ്രദ്ധിച്ചത്.
എട്ടുമാസം ഗര്‍ഭിണിയായ ഗീത, തന്റെ കുഞ്ഞിന്റെ ആരോഗ്യനില അറിയാനുള്ള സ്കാനിംഗിന് പണം കണ്ടെത്താനാണ് ഭിക്ഷ തേടിയിരുന്നത്. ഭര്‍ത്താവ് കൂടെയില്ലാത്ത ഗീതയ്ക്ക് തന്റെ വയറ്റിലെ കുഞ്ഞിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന വലിയ ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. ആഹാരപ്പൊതി നല്‍കിയെങ്കിലും, അത് നിരസിച്ച് തന്റെ സങ്കടം പങ്കുവെച്ച ഗീതയെ സഹായിക്കാന്‍ സുചി ഉടന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അവര്‍ സ്കാനിംഗ് നടത്താന്‍ തയ്യാറായില്ല. എന്നാല്‍ പിന്തിരിയാന് സുചി ഒരുക്കമായിരുന്നില്ല. അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവധി ദിനമായതിനാല്‍ അവിടെയും തടസ്സങ്ങള്‍ നേരിട്ടു. ഒടുവില്‍ ഒരു ക്ലിനിക്കിലെ ജീവനക്കാരെ കാര്യങ്ങള്‍ ബോധിപ്പിച്ച്, ഭര്‍ത്താവിന്റെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഗീതയുടെ സ്കാനിംഗ് നടത്താന്‍ സുചിക്ക് സാധിച്ചു.
സ്കാനിംഗിന് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോള്‍ ഗീതയുടെ മുഖത്തുണ്ടായ ആശ്വാസവും ചിരിയുമാണ് വീഡിയോയിലെ ഏറ്റവും മനോഹരമായ ഭാഗം. കുഞ്ഞിന്റെ ആരോഗ്യത്തെയോര്‍ത്ത് കഴിഞ്ഞ എട്ടുമാസമായി വലിയ ഭീതിയിലായിരുന്നു താനെന്ന് അവര്‍ പറഞ്ഞു. ഇതിനുപുറമെ, ഗീതയുടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും കൊടുംചൂടില്‍ നിന്നും രക്ഷനേടാന്‍ ഒരു കൂളറും സുചി വാങ്ങി നല്കി. പ്രസവസമയത്ത് വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് അവര്‍ ഉറപ്പും നല്കി.
ഈ വീഡിയോ വൈറലായതോടെ സുചി ശര്‍മ്മയുടെ നന്മയെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച അവസ്ഥയില്‍ തനിച്ചായ ഒരു ഗര്‍ഭിണിയെ സഹായിക്കാന്‍ കാട്ടിയ മനസ്സിനെ എല്ലാവരും അഭിനന്ദിക്കുന്നു. അതേസമയം, ഗീതയുടെ ദയനീയാവസ്ഥയില്‍ വിഷമിക്കുന്നവര്‍, ഇത്തരം കാഴ്ചകള്‍ സമൂഹത്തില്‍ പ്രതീക്ഷ നല്‍കുന്നുവെന്നും അഭിപ്രായപ്പെടുന്നു.






