
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ 53-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ സച്ചിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്കും ഭാര്യ അഞ്ജലിയ്ക്കുമൊപ്പമുളള ഒരു മനോഹര ചിത്രമാണ് സച്ചിന് പങ്കുവച്ചത്.
'' അമ്മയ്ക്കും അഞ്ജലിക്കും പിന്നെ ആ വികൃതിക്കും ഒപ്പം എന്റെ ദിവസത്തിന് ഒരു മികച്ച തുടക്കം! ഒരു പുരുഷന് ഇതില്‍ കൂടുതല്‍ എന്താണ് ചോദിക്കാന്‍ കഴിയുക?'', ചിത്രത്തിനൊപ്പം സച്ചിന് ടെണ്ടുല്‍ക്കര്‍ കുറിച്ചു.
ഏപ്രില്‍ 24-നായിരുന്നു സച്ചിന്റെ ജന്മദിനം. കുടുബേത്തോടൊപ്പമുളള ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ വീടിന് പുറത്ത് അദ്ദേഹത്തെ നേരില്‍ കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. സച്ചിന് അവരെ നേരില്‍ കാണുകയും അവര്‍ക്ക് ഒപ്പം പിറന്നാള്‍ കേക്ക് മുറിക്കുകയും ചെയ്തു.
1973 ഏപ്രില്‍ 24 ന് ജനിച്ച താരം തന്റെ 24 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 1989 ഡിസംബര്‍ 18ന് പാകിസ്ഥാനെതിരെ 16 വയസ്സുളളപ്പോള്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റവും നടത്തി. സച്ചിന് തന്റെ അന്താഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഏകദേശം 800 ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. 2013 നവംബര്‍ 16ന് സച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.





