
വാഷിങ്ടണ്‍: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ആഗ്രഹപ്രകാരം വാര്‍ധക്യം തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന ആദ്യത്തെ ജീന്‍ തെറാപ്പി മരുന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഈ മരുന്ന് പുടിന് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. റഷ്യന്‍ മരുന്നുപയോഗിച്ച് 150 വര്‍ഷം വരെ ജീവിക്കാനാകുമെന്നും അവകാശവാദം.
‘ആര്എജിഇ’ എന്ന റിസപ്റ്ററിനെ തടയുന്ന പ്രത്യേക ജീന്‍ തെറാപ്പി വികസിപ്പിച്ചതായി റഷ്യയുടെ ശാസ്ത്രവിദ്യാഭ്യാസ മന്ത്രി ഡെനിസ് സെകിന്സ്കി അവകാശപ്പെട്ടു. ജീന്‍ തെറാപ്പിയുടെ സഹായത്തോടെ മനുഷ്യ സെല്ലുകളുടെ ആയുസ്സ് അനന്തമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു ബയോളജി ഓഫ് ഏജിങ് ആന്‍ഡ് മെഡിസിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ യാതൊരു തെളിവുകളും പുറത്തുവിട്ടില്ലെങ്കിലും പ്രസിഡന്റ് പുടിന് അതിനു വിധേയനാകുന്നുണ്ടെന്നാണു പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ടെത്തല്‍. പുടിന് ഇപ്പോള്‍ 73 വയസുണ്ട്. അമരത്വത്തോടുള്ള താല്പര്യം അദ്ദേഹം പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.
നവംബറില്‍ നടന്ന എഐ സമ്മേളനത്തില്‍, ആളുകള്‍ക്ക് 150 വയസുവരെ ജീവിക്കാന്‍ സമീപഭാവിയില്‍ കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ പിന്പിങ്ങുമായുള്ള കൂടിക്കാഴ്ചകളില്‍ യുവത്വം നിലനിര്‍ത്തുന്നതിനായി പതിവായ അവയവ മാറ്റിവയ്ക്കലിന്റെ സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്തത്രേ. മൂന്ന് ലക്ഷ്യങ്ങളാണ് പുടിന് ശാസ്ത്രജ്ഞര്‍ക്കു മുന്നില്‍വച്ചിട്ടുള്ളത്.
- കോശ പുനരുജ്ജീവനം: അവയവങ്ങള്‍ക്ക് പ്രായമാകുന്നത് തടയുക.
- ജ്ഞാനപരമായ സംരക്ഷണം: ദുര്‍ബലമായ തലേച്ചാറിനെയും സംവേദനാവയവങ്ങളെയും പുനരുജ്ജീവിപ്പിക്കുക.
-ബയോപ്രിന്റിങ്: മാറ്റിവയ്ക്കാനായി 3ഡി മനുഷ്യ അവയവങ്ങള്‍ സൃഷ്ടിക്കുക.
ദീര്‍ഘകാലം ജീവിക്കാനുള്ള പുടിന്റെ മോഹവും പിന്‍ഗാമിക്കായുള്ള അന്വേഷണവും തമ്മില്‍ ബന്ധം കണ്ടെത്തുന്നവരുണ്ട്. പുടിന് പിന്‍ഗാമിയാക്കാന്‍ ആഗ്രഹിക്കുന്ന മകന് ഇവാന് സ്പിരിഡോനോവിന് ഇപ്പോള്‍ 11 വയസാണു പ്രായം. 2050 യില്‍ മാത്രമാണ് പ്രസിഡന്റാകാനുള്ള നിയമപരമായ പ്രായത്തില്‍ ഇവാനെത്തുക. 2030 ഓടെ 175,000 ജീവന് രക്ഷിക്കുന്നതിനായി ഒരു പുതിയ 'ദേശീയ ദൗത്യം' പുടിന് അവതരിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ 'ഗുരു' ആയ പ്രഫസര്‍ വ്ളാഡിമിര്‍ ഖവിന്സന്റെ മരണം പഠനത്തിന് തിരിച്ചടി നല്കി. പുടിന്റെ മൂത്ത മകള്‍ മരിയ വോറോണ്ട്സോവ (40 വയസുള്ള എന്‍ഡോക്രൈനോളജിസ്റ്റ്)യ്ക്കാണ് ഇപ്പോള്‍ പദ്ധതിയുടെ ചുമതല. സോവിയറ്റ് ഭരണകാലത്ത് സൈനികര്‍ക്കായി ഖവിന്സന് വികസിപ്പിച്ചെടുത്ത 'പെപ്റ്റൈഡ് കോക്ക്ടെയില്‍' ആണ് വാര്‍ധക്യം തടയാന്‍ പുടിന് ഇപ്പോള്‍ ഉപയോഗിക്കുന്നതത്രേ.






