
പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം തികഞ്ഞതെന്ന് തോന്നുന്ന ബന്ധമാണോ നിങ്ങളുടേത്? എങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്. തര്‍ക്കങ്ങളില്ലാത്ത, സ്നേഹം മാത്രം നിറഞ്ഞ, ശാന്തമായ ഒരു ബന്ധം സങ്കല്പ്പിച്ചു നോക്കൂ. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍, ഒരു ബന്ധവും നൂറു ശതമാനം പൂര്‍ണ്ണമല്ല. 'റെഡ് ഫ്ലാഗ്സ്' അല്ലെങ്കില്‍ മുന്നറിയിപ്പ് സൂചനകള്‍ എന്നത് എല്ലായ്പ്പോഴും ബന്ധം ഉപേക്ഷിക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, കാര്യങ്ങളെ കൂടുതല്‍ ഗൗരവമായി നിരീക്ഷിക്കണം എന്നാണ്. മാനസികാരോഗ്യ വിദഗ്ദ്ധയായ ആനന്ദിത വഘാനി, 'മികച്ചതെന്ന്' തോന്നിപ്പിക്കുന്ന ബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അഞ്ച് സ്വഭാവരീതികളെ കുറിച്ച് കുറിയ്ക്കുന്നത് ഇങ്ങനെയാണ്....
1. നിങ്ങള്‍ ഒരിക്കലും വഴക്കിടാറില്ല - പല സെലിബ്രിറ്റികളും തങ്ങള്‍ പങ്കാളിയുമായി വഴക്കിടാറില്ല എന്ന് അഭിമാനത്തോടെ പറയാറുണ്ട്. കേള്‍ക്കുമ്പോള്‍ ഇത് നല്ല കാര്യമായി തോന്നാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ആരോഗ്യകരമായ ബന്ധങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണ്. വ്യത്യസ്ത സ്വഭാവവും പശ്ചാത്തലവുമുള്ള രണ്ട് വ്യക്തികള്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുക എന്നത് സാധാരണമാണ്. തര്‍ക്കങ്ങളില്ലാത്ത അവസ്ഥയുടെ പിന്നില്‍ പലപ്പോഴും സ്വന്തം വികാരങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്ന ഒരാളുണ്ടാകാം. ഒരാളുടെ ശബ്ദം അടിച്ചമര്‍ത്തിക്കൊണ്ട് നിലനിര്‍ത്തുന്ന സമാധാനം യഥാര്‍ത്ഥത്തില്‍ പൊരുത്തപ്പെടലല്ല, മറിച്ച് വിട്ടുവീഴ്ചയാണ്.
2. നിങ്ങളുടെ വ്യക്തിത്വം ബന്ധത്തിന് വഴിമാറുന്നു - പ്രണയത്തിന്റെ ആദ്യഘട്ടങ്ങളില്‍ പങ്കാളിക്ക് വേണ്ടി മാറുന്നത് സ്വാഭാവികമാണ്. എന്നാല്‍ കാലക്രമേണ, നിങ്ങള്‍ നിങ്ങളുടേതായ കാര്യങ്ങള്‍ മാറ്റിവെക്കുകയും എല്ലാം പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ചാക്കി മാറ്റുകയും ചെയ്യുന്നത് അപകടകരമാണ്. നിങ്ങളുടെ സന്തോഷവും സുരക്ഷിതബോധവും പൂര്‍ണ്ണമായും പങ്കാളിയെ മാത്രം ആശ്രയിച്ചാകുമ്പോള്‍, അത് നിങ്ങളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നു.
3. മാപ്പപേക്ഷയോടൊപ്പം ന്യായീകരണങ്ങളും വരുന്നു - 'ഞാന്‍ ക്ഷമ ചോദിക്കുന്നു, പക്ഷേ എനിക്ക് സ്ട്രെസ് ഉള്ളപ്പോഴാണ് ഞാന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് നിനക്കറിയാമല്ലോ,' എന്ന തരത്തിലുള്ള മാപ്പപേക്ഷകള്‍ ശ്രദ്ധിക്കുക. ഇവിടെ 'പക്ഷേ' എന്ന വാക്കിന് ശേഷം വരുന്നത് അവരുടെ ന്യായീകരണങ്ങളാണ്. ഇതിലൂടെ നിങ്ങളുടെ വേദനയേക്കാള്‍ കൂടുതല്‍ അവരുടെ സാഹചര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്. സാങ്കേതികമായി അവര്‍ ക്ഷമ ചോദിച്ചതിനാല്‍, നിങ്ങള്‍ക്ക് ഇനിയും വിഷമം തോന്നുന്നത് അനാവശ്യമാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കുന്നു. ഒരു ന്യായീകരണത്തോടെ വരുന്ന മാപ്പപേക്ഷ ഒരിക്കലും പൂര്‍ണ്ണമായ ഒന്നല്ല.
4. പ്രതികരണങ്ങളെ ഭയന്ന് ചെറിയ കാര്യങ്ങളില്‍ നുണ പറഞ്ഞു തുടങ്ങുന്നു - ഒരു ബന്ധത്തില്‍ ഇത് പെട്ടെന്ന് സംഭവിക്കുന്നതല്ല. ചെറിയ കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ടായിരിക്കും ഇതിന്റെ തുടക്കം. പങ്കാളിയുടെ ദേഷ്യമോ മറ്റ് പ്രതികരണങ്ങളോ ഭയന്ന് നിങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ തുടങ്ങുന്നു. ഒരു സുരക്ഷിതമായ ബന്ധത്തില്‍ സത്യം എന്നത് ഭയമില്ലാതെ പങ്കുവെക്കാന്‍ കഴിയുന്ന ഒന്നായിരിക്കണം. പങ്കാളിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ വേണ്ടി നിങ്ങള്‍ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നുണ്ടെങ്കില്‍, അത് ആ ബന്ധത്തെ സംരക്ഷിക്കുകയല്ല ചെയ്യുന്നത്.
5. അവരുടെ മൂഡ് നന്നായിരിക്കുമ്പോള്‍ മാത്രം നിങ്ങള്‍ക്ക് സ്നേഹം അനുഭവപ്പെടുന്നു - പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഒന്നാകരുത് സ്നേഹം. പങ്കാളി സന്തോഷവാനാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്ന അവസ്ഥയെ 'ഹൈപ്പര്‍വിജിലന്‍സ്' (Hypervigilance) എന്ന് വിളിക്കുന്നു. പങ്കാളിയുടെ വികാരങ്ങള്‍ക്ക് അനുസരിച്ച് നിങ്ങളുടെ മനസ്സ് നിയന്ത്രിക്കപ്പെടുന്നത് ആരോഗ്യകരമായ ഒരു ലക്ഷണമേയല്ല.






