
കോട്ടയം: വിയര്‍ത്തൊഴുകി എത്തുമ്പോള്‍ കടയില്‍ ഒരു കുപ്പി തണുത്ത വെള്ളം വാങ്ങിയാല്‍ ആരെങ്കിലും കമ്പനിയും വിലയും പേരുമൊക്കെ നോക്കുമോ, എത്രയും പെട്ടെന്ന് ദാഹം ശമിപ്പിക്കാനാകും ശ്രമം. ദാഹം മുതലെടുത്ത് ലാഭം കൊയ്യുകയാണു കുപ്പിവെള്ള കമ്പനികളും കൂടിവെള്ള വിതരണ കമ്പനികളും. പകുതിയോളം ലാഭമുള്ള കുപ്പിവെള്ള ബിസിനസില്‍ ഉപയോക്താക്കളെ വ്യാപാരികളും പിഴിയുകയാണെന്ന് ആരോപണമുണ്ട്. പലയിടങ്ങളിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണു കുപ്പിവെള്ള വില്‍പ്പന നടക്കുന്നത്.
തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നു ള്‍പ്പെടെ പരിശോധനയില്ലാതെയാണു കുപ്പിവെള്ളം ജില്ലയിലെത്തുന്നുണ്ട്. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ ഇതൊന്നും കാണുന്നുമില്ലെന്നും പരാതിയുണ്ട്. ഗുണമേന്മയില്ലാത്ത വെള്ളം വിതരണം ചെയ്യുന്നത് കോളറ,മഞ്ഞപ്പിത്തം തുടങ്ങി മാരക രോഗങ്ങള്‍ക്കു കാരണമാകുമെന്നു വിദഗ്ധര്‍ പറയുന്നു. അംഗീകൃത കമ്പനികള്‍ ശുദ്ധമായ കുടിവെള്ളം വില്‍ക്കുമ്പോള്‍, ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളും വിപണിയിലുണ്ട്.
മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെയുമാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവള്ളം വില്‍ക്കുന്നത്. ഇത്തരം കുടിവെള്ളം രണ്ടുദിവസം കുപ്പിയില്‍ സൂക്ഷിച്ചാല്‍ പച്ചനിറത്തില്‍ പായല്‍ പിടിക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. വന്‍കിട കമ്പനികളുടെ വ്യാജ പേരുകളിലും കുപ്പിവെള്ളം മാര്‍ക്കറ്റിലെത്തുന്നുണ്ട്. മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണിത്. വിവാഹ വീട്ടിലേക്കും മറ്റുള്ള ആഘോഷ പരിപാടികളിലേക്കും ചെറിയ ലാഭം വാങ്ങി ഇത്തരം കുപ്പിവെള്ളം നല്‍കുന്നുണ്ട്. വിവാഹം, വിരുന്ന് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കുപ്പിവെള്ള കമ്പനികള്‍ വന്‍ ലാഭമാണു കൊയ്യുന്നത്.
ഇത്തരം കുപ്പികളില്‍, കമ്പനിയുടെ പേര് മാത്രമാണുള്ളത്. കമ്പനി രജിസ്‌ട്രേഷന്‍, വെള്ളം നിറച്ച തീയതി, കാലാവധിഎന്നിവ രേഖപ്പെടുത്താറില്ല. ബസ് സ്റ്റാന്റുകള്‍ ഉള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ വ്യാജ കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. വിതരണം ചെയ്യുന്നവയില്‍ യഥാര്‍ഥ മിനറല്‍ വാട്ടര്‍ ഇല്ല എന്നു ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പറയുന്നു. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ എന്ന തരത്തില്‍ വിവിധ ഫില്‍ട്ടര്‍ സംവിധാനങ്ങളില്‍ ശുദ്ധീകരിക്കുന്ന വെള്ളമാണ് കുപ്പിവെള്ളമായി കിട്ടുന്നത്. ഇവയുടെ ഗുണനിലവാര പരിശോധനകളും കാര്യക്ഷമമല്ല.






