
പത്തനംതിട്ട: ശബരിമല വികസനം ലക്ഷ്യമിട്ട് പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പരിപാടിയുടെ നടത്തിപ്പുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേവസ്വം ബോര്‍ഡ് 55 ലക്ഷം രൂപ കൂടി കൈമാറി. പരിപാടിക്കായി മൊത്തം 7 കോടി ചെലവായെന്നും ആ തുക മുഴുവന്‍ ലഭിക്കണമെന്നുമാണ് സൊസൈറ്റിയുടെ നിലപാട്.
സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്നാണ് ഈ പണം നല്‍കിയത്. അതേസമയം സംഗമം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും, കണക്കുകളിലെ പൊരുത്തക്കേടുകളും അധിക ചെലവും ദേവസ്വം ബോര്‍ഡിനെ പ്രതിരോധത്തിലാക്കുകയാണ്.സംഗമത്തിന്റെ ചെലവുകളുമായി ബന്ധപ്പെട്ട് ഇതുവരെ 3.69 കോടി രൂപയാണ് ബോര്‍ഡ് ഊരാളുങ്കലിന് നല്‍കിയത്. 1.06 കോടി ഇനി നല്കാന് ബാക്കയുണ്ട്.
ഇത് സ്പോണ്‍സര്‍ഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നല്‍കൂ എന്ന് ബോര്‍ഡ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. പമ്പയില്‍ സംഗമം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട നിയമ-രാഷ്ട്രീയ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ഈ പരിപാടിയെ യുഡിഎഫും ബിജെപിയും തുടക്കം മുതലേ എതിര്‍ത്തിരുന്നു.
പരിപാടിക്കായി ചെലവാക്കിയ തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിജയന് ആന്‍ഡ് അസോസിയേറ്റ്സ് സമര്‍പ്പിച്ച ഓഡിറ്റ് രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടല്‍. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഇത് സംഘടിപ്പിച്ചതെന്നും ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാതെ സഹകരിക്കില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തിരുന്നു.






