
വിഷപ്പാമ്പില് നിന്ന് 30 കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് ബലിനല്‍കിയ ഒരു തെരുവ് നായയുടെ കഥയാണ് ഇപ്പോള്‍ ഒഡീഷയില്‍ നിന്ന് പുറത്തുവരുന്നത്. മയൂര്‍ഭഞ്ച് ജില്ലയിലെ ധീരകുല ഗ്രാമത്തിലെ ശ്രീ ജഗന്നാഥ ശിശു വിദ്യാമന്ദിര്‍ സ്കൂളിന് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ സ്കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ വന്ന പാമ്പിനെ നായ തടയുകയായിരുന്നു.
രാവിലെ എട്ടരയോടെ മുപ്പതിലധികം കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് പുറത്ത് ഇരിക്കുമ്പോഴാണ് പാമ്പ് ഇഴഞ്ഞുവന്നത്. മറ്റാര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ നായ പാമ്പിന് നേരെ കുതിച്ചു. കുട്ടികള്‍ക്കും പാമ്പിനുമിടയില് ഒരു കവചം പോലെ നിലയുറപ്പിച്ച നായ, പാമ്പിന്റെ ആവര്‍ത്തിച്ചുള്ള കടിയേറ്റിട്ടും പിന്മാറാന് തയ്യാറായില്ല. ഒടുവില്‍ പാമ്പിനെ വകവരുത്തിയെങ്കിലും, ശരീരത്തില്‍ വിഷം പടര്‍ന്ന നായ മിനിറ്റുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
നായയുടെ ധീരമായ ഇടപെടല്‍ കാരണം ഒരു കുട്ടിക്ക് പോലും പരിക്കേറ്റില്ല. നായ കാട്ടിയ അസാധാരണമായ ഈ സംരക്ഷണ മനോഭാവം വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് ഗ്രാമവാസികള്‍ നന്ദിയോടെ സ്മരിക്കുന്നു. ആ നായയോടുള്ള ബഹുമാനസൂചകമായി 'കാളി' എന്ന് അതിന് പേരിടുകയും ഗ്രാമം മുഴുവന്‍ ചേര്‍ന്ന് ആ വിശ്വസ്ത ജീവിക്ക് കണ്ണീരോടെ വിട നല്‍കുകയും ചെയ്തു.
മൃഗങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും ഇതിലും വലിയ ഉദാഹരണമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയോട് പലരും പ്രതികരിക്കുന്നത്. സ്വന്തം ജീവന് തൃണവല്ഗണിച്ചു കൊണ്ട് ആ കുരുന്നുകളെ കാത്ത നായയുടെ ധീരത ഗ്രാമവാസികള്‍ക്കിടയില്‍ ഇന്നും ഒരു വിങ്ങലായി അവശേഷിക്കുന്നു. ഒരു തെരുവ് നായ എന്നതിലുപരി ഗ്രാമത്തിന്റെ രക്ഷകനായാണ് കാളിയെ അവര്‍ ഇപ്പോള്‍ കാണുന്നത്.






