
ന്യൂഡൽഹി: മെറ്റ, മൈക്രോസോഫ്റ്റ്, ഡിസ്നി തുടങ്ങിയ ഐടി ഭീമന്മാർക്കൊപ്പം ഒറാക്കിളിലും കൂട്ടപ്പിരിച്ചുവിടൽ. 20,000 ൽ കൂടുതൽ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. നിർമ്മിതബുദ്ധിക്ക് (എഐ) വേണ്ടി കമ്പനികൾ വൻതോതിൽ നിക്ഷേപമിറക്കുന്നതാണ് ഇത്തരത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതിനു കാരണമാവുന്നത്.
ആഗോളതലത്തിൽ ഏകദേശം 20,000 മുതൽ 30,000 വരെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. പുലർച്ചെ അയച്ച ഇ-മെയിലുകളിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. യുഎസ്, ഇന്ത്യ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെ ഇത് ബാധിച്ചു. ഉയർന്ന ശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാരെയും മിഡ്-ലെവൽ മാനേജർമാരെയുമാകാം പിരിച്ചുവിടാനായി തിരഞ്ഞെടുത്തതെന്ന് തൊഴിൽ നഷ്ടം സംഭവിച്ചവർ വിലയിരുത്തുന്നു.
എഐ അവതരിപ്പിക്കുന്നതിലൂടെ ജോലിരീതികൾ ഓട്ടോമേറ്റ് ചെയ്യുകയും ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ കാര്യക്ഷമത, കുറഞ്ഞ ചെലവ്, ഉയർന്ന ലാഭം എന്ന ലക്ഷ്യത്തോടെ കമ്പനികൾ പ്രവർത്തിക്കാൻ തുടങ്ങും. ഓട്ടോമേഷൻ കൂടുമ്പോൾ സ്വാഭാവികമായും ജീവനക്കാരുടെ എണ്ണം കുറയുന്നു. ശമ്പള ഇനത്തിലുള്ള ചെലവ് കുറയുന്നത് ലാഭം വർദ്ധിപ്പിക്കുമെന്നതിനാൽ നിക്ഷേപകർ ഇതിനെ അനുകൂലിക്കുന്നു. എന്നാൽ, ജീവനക്കാരിൽ ഇത് കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്.
സാധാരണ കോഡിംഗ്, ടെസ്റ്റിംഗ് ജോലികൾ കൂടി എഐ ടൂളുകൾ ഏറ്റെടുക്കുന്നതോടെ ഐടി ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഇല്ലാതായിരിക്കുകയാണ്. ലാഭം കൂട്ടുന്നതിനായി, വലിയ ശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാർ ഇനി ആവശ്യമില്ല എന്ന് കമ്പനികൾ ചിന്തിക്കുന്നു. അവർക്ക് പകരം എഐയും കുറഞ്ഞ ശമ്പളമുള്ള ജൂനിയർ ജീവനക്കാരെയും ഉപയോഗിച്ച് ജോലി പൂർത്തിയാക്കാൻ സാധിക്കും. അതേസമയം, എൻട്രി ലെവൽ ജോലികൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യപ്പെടുന്നത് പുതിയ ബിരുദധാരികൾക്ക് അവസരങ്ങൾ കുറയ്ക്കുകയും ചെയ്യും.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളിൽ നിന്നുമായി 20,000-ൽ അധികം ജോലികൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.






