
ന്യൂഡൽഹി: ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പ്രതിരോധ ചെലവ് വഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമത്. അമേരിക്ക, ചൈന, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പട്ടികയിലുള്ള 40 രാജ്യങ്ങളിൽ 31-മത് ആണ് പാകിസ്ഥാൻ.
ആഗോള പ്രതിരോധ പ്രവണതകൾ നിരീക്ഷിക്കുന്ന സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി 92.1 ബില്യൺ ഡോളർ ചെലവഴിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വർധനയാണിത്. ലോകത്തെ ആകെ സൈനിക ചെലവിന്റെ 3.2 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. അമേരിക്ക, ചൈന, റഷ്യ, ജർമ്മനി എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ തുക പ്രതിരോധത്തിനായി ചെലവഴിച്ചത്.
പാകിസ്ഥാനെതിരെ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിക്കുകയും, യുദ്ധസജ്ജമായി തുടരുന്നതിനായി അടിയന്തര പ്രതിരോധ സംഭരണങ്ങൾ നടത്തുകയും ചെയ്ത വർഷത്തിലാണ് ഈ വർധനയുണ്ടായത്. കഴിഞ്ഞ വർഷം (2024-ൽ) പുറത്തിറങ്ങിയ റാങ്കിംഗിലും ഇന്ത്യ അഞ്ചാം സ്ഥാനത്ത് തന്നെയായിരുന്നു.






